അങ്കമാലി: കേരളത്തിലാദ്യമായി ഒരു ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സേവനങ്ങളും 24 മണിക്കൂറും വിരൽ തുമ്പിൽ ലഭിക്കുന്ന സംവിധാനം എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്ത് നടപ്പിലാക്കി. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഡിജി കണക്ട് എന്ന പദ്ധതിയാണ് നടപ്പാക്കിയത്. 90745 38988 ഫോൺ നമ്പർ സേവ് ചെയ്ത് വാട്‌സാപ്പിലേക്ക് മെസേജ് അയച്ചാൽ പഞ്ചായത്തിലെ സേവനങ്ങൾ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കും. പഞ്ചായത്തുമായി ബന്ധപ്പെട്ട മുഴുവൻ ഫോൺ നമ്പർ, സമൂഹമാദ്ധ്യമ വിവരങ്ങൾ, വെബ്സൈറ്റ്, ഇ-മെയിൽ ഐഡി എന്നിവയെല്ലാം ഒറ്റ ക്യുആർ കോഡിൽ ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ 365 ദിവസവും 24 മണിക്കൂറും ഈ സംവിധാനം പ്രവർത്തിക്കും. ജനന തിയതി, വീടിന്റെ പെർമിറ്റ്, ഓണർഷിപ്പ്, ലൈസൻസ് ഉൾപ്പെടെ പഞ്ചായത്തിന്റെ എല്ലാ സേവനങ്ങളും ഈ സംവിധാനം വഴി ആവശ്യക്കാർക്ക് ലഭ്യമാകും.
പദ്ധതി ഇൻഫോർമേഷൻ കേരള മിഷൻ കൺട്രോളർ ഒഫ് അഡ്മിനിസ്ട്രേഷൻ ടിംപിൾ മാഗി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷനായി.
ഡിജി കണക്ട് വഴി മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വിവരങ്ങളും ലോകത്ത് എവിടെ നിൽക്കുന്ന ആൾക്കും മൊബൈൽ വഴി ലഭിക്കുന്നതാണ്. ഇന്ത്യയിൽ ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ പഞ്ചായത്താണ് മൂക്കന്നൂർ.
ബിജു പാലാട്ടി
പ്രസിഡന്റ്
മൂക്കന്നൂർ പഞ്ചായത്ത്