കൊച്ചി: കൊച്ചിക്കാർക്ക് ഇനി കുറഞ്ഞ ചെലവിൽ ജിമ്മിലെത്തി വ്യായാമം ചെയ്യാം. തേവര 59-ാം ഡിവിഷനിൽ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.ആർ. റെനീഷിന്റെ നേതൃത്വത്തിലാണ് പുതിയ ജിം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. തേവരഫെറിക്ക് സമീപം ഡിവിഷൻ കൗൺസിലർ ഓഫീസിന്റെ രണ്ടാംനിലയിലാണ് ജിം പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന മൾട്ടി ജിമ്മാണിത്. ചെറിയ ഫീസ് ഈടാക്കും. തുക എത്രയാണെന്ന് പിന്നീട് തീരുമാനിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ജിം നിലവിൽ സൗജന്യമായി പ്രവർത്തിക്കുകയാണ്. രാവിലെ പുരുഷന്മാർക്കും വൈകിട്ട് സ്ത്രീകൾക്കും ജിമ്മിൽ വർക്കൗട്ട് ചെയ്യാം. ട്രെഡ്മിൽ, സ്പിന്നിംഗ് ബൈക്ക്, സീറ്റഡ് റോവിംഗ് മെഷീൻ, മൾട്ടി സ്റ്റേഷൻ ജിം മെഷീൻ തുടങ്ങിയവയെല്ലാം ജിമ്മിലുണ്ട്.
ജിമ്മിന്റെ പ്രത്യേകതകൾ
ജനകീയ ആസൂത്രണ പദ്ധതി ഫണ്ടിൽനിന്ന് ₹5 ലക്ഷം രൂപ ചെലഴിച്ചാണ് നിർമ്മാണം
10 ദിവസത്തിനുള്ളിൽ ജിം പൂർണമായി പ്രവർത്തനസജ്ജമാകും
15 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും പ്രവേശനം
ഒരുതവണ 15 പേർക്ക് ജിമ്മിൽ വ്യായാമം ചെയ്യാം
ജിമ്മിന് ആവശ്യമായ എല്ലാ ഉപകരണങ്ങളുമുണ്ട്
ജിം ഇൻസ്ട്രക്ടറുടെ സേവനവുമുണ്ട്.
ആരോഗ്യത്തിന് പ്രാധാന്യം
നഗരത്തിലെ ജനങ്ങളുടെ ശാരീരിക മാനസികോല്ലാസമാണ് ജിമ്മിന്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യജിമ്മുകളിൽ വലിയ തുക ഈടാക്കുന്നതിനാൽ പലർക്കും അത് താങ്ങാനാവാത്ത അവസ്ഥയുണ്ട്. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം. എല്ലാവർക്കും തുല്യ പ്രാധാന്യത്തോടെ വന്ന് വ്യായാമം ചെയ്യാം. വീട്ടമ്മമാർക്കടക്കം ജിമ്മിലെത്താം.
ഡിവിഷനിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. അതിന്റെ ഭാഗമായാണ് മൾട്ടി ജിം ആരംഭിച്ചിരിക്കുന്നത്. താത്പര്യമുള്ളവർക്ക് ചെറിയ ഫീസിൽ വ്യായാമം ചെയ്യാം.
പി.ആർ. റെനീഷ്
ഡിവിഷൻ കൗൺസിലർ