gunda

കൊച്ചി: ഓപ്പറേഷൻ ആഗുമായി പൊലീസ് ഒരുവശത്ത്. ആവേശം മോഡൽ ആഘോഷവുമായി ഗുണ്ടകൾ മറുവശത്ത്. കർശന നടപടിയെന്ന് പറയുമ്പോഴും ക്രിമിനൽ സംഘങ്ങൾ നഗരത്തിൽ വിളയാടുകയാണ്. സർക്കാർ റിപ്പോർട്ടും കഴിഞ്ഞദിവസം വരാപ്പുഴയിലെ ഗുണ്ടകൾ ഒന്നിച്ച പിറന്നാളാഘോഷവും ഇത് സ്ഥിരീകരിക്കുന്നതാണ് . എട്ട് വർഷത്തിനിടെ 212 ഗുണ്ടാ ആക്രമങ്ങൾക്കാണ് കേരളം സാക്ഷിയായത്. 32 പേർ കൊല്ലപ്പെട്ടു. 226 പേർക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സതേടി.

നാടുകടത്തിയ ഗുണ്ടകൾ തിരികെയെത്തി വീണ്ടും ആക്രമണങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങളും തുടർക്കഥ. ഇത്തരത്തിൽ എട്ട് വർഷത്തിനിടെ 97 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഗുണ്ടകൾക്ക് സഹായം നൽകിയതിന്റെ പേരിൽ 12 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചു. കൂടാതെ സേനയിൽ ഗുണ്ടാ മാഫിയ ബന്ധമുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഡിവൈ.എസ്.പിമാരെയും ഒരു സി.ഐ, ഒരു സിവിൽ പൊലീസ് ഓഫീസറെയും രണ്ട് ഡ്രൈവർമാരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

 കാലഘട്ടം- കേസ്- മരണം- പരിക്ക്
• 2016 -2021 - 116 - 20 - 122
• 2021 -2024 -96 12 104

ആവേശം പാർട്ടി
ബന്ധമുറപ്പിക്കാൻ
നാട്ടുകാർക്കിടയിൽ ഭയമുണ്ടാക്കണം. ഒപ്പം ഗുണ്ടാ സംഘങ്ങളുമായി ബന്ധവും. ഇത് ലക്ഷ്യമിട്ടാണ് വരാപ്പുഴയിൽ കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവൻ മകന്റെ പിറന്നാൾ ആവേശം മോഡലിൽ ആഘോഷിക്കാൻ തീരുമാനിച്ചതെന്നാണ് പൊലീസ് കരുതുന്നത്. വരാപ്പുഴ ഒളനാട് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂർ സ്വദേശി രാധാകൃഷ്ണനാണ് പാർട്ടിയൊരുക്കിയത്. കഴിഞ്ഞ മാസമാണ് ഇയാൾ ഒളനാട് ഭാഗത്ത് വാടകയ്ക്കെത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ അറുന്നൂറോളം പേരെയാണ് ഇയാൾ ക്ഷണിച്ചിരുന്നത്.