കോലഞ്ചേരി: മഴ ശക്തമായതോടെ വൈദ്യുത പോസ്റ്റുകൾ മറിഞ്ഞുള്ള അപകടങ്ങളും വർദ്ധിച്ചു. അല്പം ശ്രദ്ധ അപകടങ്ങൾ കുറയ്ക്കുമെന്ന് വൈദ്യുത വകുപ്പ് മുന്നറിയിപ്പ്.
മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാദ്ധ്യതയുള്ളതിനാൽ ഇത്തരം മേഖലകളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കരുത്.
വൈദ്യുത വകുപ്പ് വിളിപ്പുറത്ത്
അപകടമോ അപകടസാദ്ധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ വിളിപ്പുറത്ത് വൈദ്യുതി വകുപ്പ് പാഞ്ഞെത്തും. തിരുവനന്തപുരം വൈദ്യുത ഭവനിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. സംസ്ഥാനത്തെ മുഴുവൻ വൈദ്യുത ഓഫീസുകളെ ബന്ധിപ്പിച്ച ഹോട്ട് ലൈൻ സംവിധാനം വഴി വേഗത്തിൽ പരിഹാരമാകും.
9496010101, 9496061061 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്. അപകടം നടന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളോടൊപ്പം വൈദ്യുത സെക്ഷൻ ഓഫീസ് കൂടി പറഞ്ഞാൽ നടപടിക്ക് വേഗമേറും. സെക്ഷൻ അറിയാത്തവർ തൊട്ടടുത്ത ആളുടെ 13 അക്ക കൺസ്യൂമർ നമ്പർ പറഞ്ഞാലും മതി.
വാട്‌സപ്പിലും വിവരമറിയിക്കാം 9496001912
വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 എന്ന ടോൾഫ്രീ നമ്പർ വിളിക്കാം.