മൂവാറ്റുപുഴ: മൂവാറ്റുപുഴ- പെരുമ്പാവൂർ എം.സി റോഡിൽ പായിപ്ര കവലയിലെത്തിയാൽ വാഹനയാത്രക്കാരുടെ നെഞ്ചിടിക്കും. ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്നതിനൊപ്പം റോഡിലെ വലിയ കുഴികൾ നടുവൊടിക്കും. വാഹനയാത്രക്കാരോടൊപ്പം വ്യാപാരികളും കാൽനടയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. മഴ കനത്തതോടെ റോഡ് തകർന്നതാണ് വലിയ ഗർത്തങ്ങൾ രൂപപ്പെടാൻ കാരണം. എം.സി.റോഡിൽ നിന്നും പായിപ്ര -ചെറുവട്ടൂർ - നെല്ലിക്കുഴി റോഡിലേക്ക് തിരിഞ്ഞ് പോകുന്ന റോഡിലാണ് കൂടുതൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വിവിധ കമ്പനിയിലേക്കുള്ള ചരക്ക് കയറ്റികൊണ്ടുപോകുന്ന വലിയ ഭാരവണ്ടികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന റോഡാണിത്.
റോഡ് കയ്യടക്കി കച്ചവടം
എം.സി.റോഡിൽ നിന്ന് തിരിയുന്ന ഭാഗങ്ങളിൽ നിരവധി കുഴികളാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം കൂടിയായ ഇവിടെ എപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡിന്റെ ഒരുഭാഗം ഓട്ടോറിക്ഷ സ്റ്റാൻഡിനായി ഓട്ടോറിക്ഷക്കാർ കയ്യടക്കി. മറുവശം വ്യാപാരികൾ ആവുന്നത്ര റോഡിലേക്ക് കച്ചവടം ഇറക്കിവച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്ന സാധാരണക്കാർക്ക് റോഡ് മുറിച്ചുകടക്കണമെങ്കിൽ പരസഹായം കൂടിയെ തീരൂ. അതിനിടയിലാണ് ഈ കുഴികൾ കൂടി പണിയാകുന്നത്. പൊതുമരാമത്ത് വകുപ്പിന്റേതാണ് റോഡ്. മഴ കനക്കുമ്പോൾ ഒഴുകിവരുന്ന വെള്ളത്തിന് പോകാനുള്ള ഓടകൾ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ റോഡിൽ എപ്പോഴും വെള്ളക്കെട്ടാണ്. സ്ഥിരമായി വെള്ളക്കെട്ടുള്ള റോഡിലൂടെ അനുവദനീയമായതിലും കൂടുതൽ ഭാരംകയറ്റിയ വാഹനങ്ങളാണ് പോകുന്നത്. ഇതിന് പരിഹാരം കാണുവാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായാൽ ഒരു പരിധിവരെ റോഡ് സംരക്ഷിക്കുവാൻ കഴിയുമെന്ന് യാത്രക്കാർ പറയുന്നു.
പായിപ്ര കവല ക്ലീനാകാൻ
1. ഓടയിലെ മാലിന്യം നീക്കി വെള്ളം ഒഴുകുന്ന സ്ഥിതിയുണ്ടാക്കണം
2. ഭാരവണ്ടികൾ പോകുന്നത് നിയമത്തിന്റെ പരിധിയിലൊതുങ്ങിയാണോ എന്ന് പരിശോധിക്കണം
3. അനധികൃതമായി റോഡ് കയ്യേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കണം
പായിപ്ര കവലയിൽ എം.സി റോഡിലും പായിപ്ര - നെല്ലികുഴി റോഡിലും ഉണ്ടായിട്ടുള്ള കുഴികൾ നികത്തുന്നതിന് ബന്ധപ്പെട്ടവർ ഉടനടി നടപടി സ്വീകരിക്കണം
ഇ.എ. ഹരിദാസ്
കൺവീനർ
ലൈബറി കൗൺസിൽ
പഞ്ചായത്ത് നേതൃസമിതി