nagaram

മൂവാറ്റുപുഴ: നിലച്ചു കിടക്കുന്ന മൂവാറ്റുപുഴ നഗര വികസനം ഉടൻ പൂർത്തിയാക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് മേൽനോട്ടത്തിൽ നഗര വികസനത്തിനായി കിഫ്ബിയിൽ നിന്ന് 32.14 കോടി രൂപ അനുവദിച്ചിരുന്നു. വെളളൂർക്കുന്നം ജംഗ്ഷൻ മുതൽ പി.ഒ. ജംഗ്ഷൻ വരെ നാലുവരി പാതയായി മാറ്റുന്ന നഗരവികസന പദ്ധതിയുടെ നിർമ്മാണം 2023 ഏപ്രിൽ 10ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതാണ്. ഒന്നേകാൽ വർഷം പിന്നിട്ടിട്ടും വികസന പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. മഴക്കാലമായതോടെ നഗരവാസികളുടെ ജീവിതം ദുരിത പൂർണമായിരിക്കുകയാണ്. ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കണമെന്നും സമയ ബന്ധിതമായി നഗരവികസനം പൂർത്തിയാക്കണമെന്നും പ്രമേയം പറയുന്നു. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഓടകളുടെ നിർമാണം പോലും പൂർണമായിട്ടില്ല. ഇലക്ട്രിക് പോസ്റ്റുകളും ജലവിതരണ കുഴലുകളും മാറ്റി സ്ഥാപിക്കുന്നതിന് നടപടി ഉണ്ടായില്ല. നഷ്ട പരിഹാരം നൽകി ഏറ്റെടുത്ത ഭൂമി പൂർണമായും വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചിട്ടില്ലെന്നും പ്രമേയം പറയുന്നു.

നഗരവികസന കാര്യത്തിൽ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ചയാണ് വരുത്തിയത്. നഗര വികസന പദ്ധതി ആവിഷ്കരിച്ചതോടെ നഗര ഭാഗത്തെ റോഡുകളുടെ അറ്റകുറ്റ പണികളും നടത്താത്ത സ്ഥിതിയാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണം

പി.പി. എൽദോസ്

നഗരസഭ ചെയർമാൻ