കൊച്ചി: സ്ഥലംമാറ്റ ഉത്തരവ് അനിശ്ചിതമായി വൈകുന്നത് സംസ്ഥാനത്തെ കോളേജ് അദ്ധ്യാപകരെ പ്രതിസന്ധിയിലാക്കിയെന്ന് ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘടന (യുവാസ്). ഇതുമൂലം പുതിയ അദ്ധ്യായനവർഷം ഗവ. കോളേജുകളിൽ ക്ലാസ് എടുക്കാൻ ആളില്ലാത്ത അവസ്ഥയാകുമെന്ന് എറണാകുളത്ത് ചേർന്ന യുവാസ് യോഗം വിലയിരുത്തി. സ്ഥലംമാറ്റം സംബന്ധിച്ച് കരട് വിജ്ഞാപനം വന്നപ്പോൾ തന്നെ വാടകവീട് ഒഴിഞ്ഞവരും പുതുതായി ജോയിൻ ചെയ്യേണ്ട സ്ഥലത്ത് വീട് എടുത്തവരും നടുക്കടലിൽപ്പെട്ട അവസ്ഥയിലാണ്. കരട് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന അദ്ധ്യാപകരുടെ മക്കളുടെ തുടർവിദ്യാഭ്യാസവും അവതാളത്തിലായി.

ഭരണാനുകൂല അദ്ധ്യാപക സംഘടനയുടെ നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാനാണ് സ്ഥലം മാറ്റ ഉത്തരവ് വൈകുന്നതെന്നാണ് ആക്ഷേപം.

സാധാരണ കരട് ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ അതിൽ പരാതിപ്പെടാൻ 10ദിവസത്തെ സമയം അനുവദിക്കാറുണ്ട്. ഇത്തവണ 5 ദിവസം മാത്രമാണ് സമയം അനുവദിച്ചത്. അത്രയും തിരക്കിട്ട് നടപ്പിക്കാനൊരുങ്ങിയ സ്ഥലംമാറ്റമാണ് അനിശ്ചിതമായി വൈകിക്കുന്നത്. നിയമനങ്ങൾ കാറ്റിൽ പറത്തി ഇഷ്ടക്കാരെ നിയമിക്കാനും സംഘടനയിൽ ചേരാതെ നിൽക്കുന്നവരെ ഉപദ്രവിക്കാനും ഇടത് സംഘടന നടത്തുന്ന കുത്സിത ശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുത്തു തോല്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ട്രാൻസ്ഫർ നിയമങ്ങൾ നോക്കാതെ ഇടതുസംഘടനാ താൽപര്യം മാത്രം പരിഗണിച്ചിറക്കുന്ന ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും എറണാകുളത്ത് ചേർന്ന യുവാസ് സംസ്ഥാന സമിതി തീരുമാനിച്ചു.