water

ആലുവ: ജലജീവൻ മിഷൻ പദ്ധതിക്കായി പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം മുതൽ പകലോമറ്റം വരെ ഇരുവശവും വെട്ടിപ്പൊളിച്ച് ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ച് മാസങ്ങളായിട്ടും റീ ടാറിംഗ് നടത്താത്തതിനെതിരെ പ്രതിഷേധം. പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിട്ടിയും പരസ്പരം കൈയ്യൊഴിഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി വാട്ടർ അതോറിട്ടി എക്‌സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു.

ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം അവസാനിപ്പിച്ച് എത്രയും വേഗം റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, വകുപ്പ് മന്ത്രിമാർ, ജില്ലാ കളക്ടർ, എം.എൽ.എ എന്നിവർക്കും പരാതി നൽകി. പ്രസിഡന്റ് പി.കെ. മുകുന്ദൻ, സെക്രട്ടറി സാബു പരിയാരത്ത്, ജോൺസൻ മുളവരിക്കൽ, നിസാം പുഴിത്തറ, സുലൈമാൻ അമ്പലപറമ്പ്, ഹനീഫ കുട്ടോത്ത്, മുസ്തഫ എടയപ്പുറം, മോഹൻ റാവു, എ.യു. ജോസ്, ജയാസ് മാനാടത്ത്, പി.സി. നടരാജൻ എന്നിവർ നേതൃത്വം നൽകി.