നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിലെ അയിരൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തി. യു.ഡി.എഫിലെ 13 പേരും പോൾ ചെയ്ത 3188 വോട്ടുകളിൽ 1721 മുതൽ 1940 വരെ നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് 596 മുതൽ 979 വോട്ടുകൾ വരെയാണ് നേടിയത്. സി.ടി. ജോസ് മാസ്റ്റർ, ജോമി ജോസഫ്, ജോസ് വിതയത്തിൽ, ടി.ടി. ബോസ്, രതി സാബു, പി.ആർ. രാജീവ്, കെ.ടി. വർഗീസ്, മിനി പോളി, സിജി വർഗീസ്, കൃഷ്ണൻ ചീരംവേലി, വി.എസ്. വിശാഖ്, അമല സെബി, വിജോ വർഗീസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സഹകരണ നിയമം ഭേദഗതി ചെയ്ത ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു. സഹകരണ സ്ഥാപനങ്ങളിൽ മൂന്ന് തവണ തുടർച്ചയായി ഭരണസമിതി അംഗങ്ങളായവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് തവണ ഹൈക്കോടതിയിൽ കേസ് വന്നെങ്കിലും നിയമസഭ പാസാക്കിയ നിയമനിർമ്മാണത്തിൽ കോടതി ഇടപെട്ടില്ല.