y
റെയിൽവേയുടെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന കനാലിന് കലുങ്ക് പണിയാൻ ഒഴുക്കു വെള്ളം ബണ്ടുകെട്ടി തടഞ്ഞു വച്ചിരിക്കുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻട്രാക്കിന് അടിയിലൂടെയുള്ള മലിനജലത്തോടിന്റെ ശുചീകരണം ചർച്ചയാകുന്നു. നഗരത്തിലെ പെയ്ത്തുവെള്ളം കോണോത്തു പുഴയിലേക്ക് പോകാനുള്ള ഏകമാർഗം തൃപ്പൂണിത്തുറ റെയിൽവേ ട്രാക്കിന് കുറുകെയുള്ള ഏതാണ്ട് മൂന്നടിയോളംമാത്രം വ്യാസമുള്ളൊരു പൈപ്പിലൂടെയാണ്. 8മീറ്ററോളം ദൂരത്തിൽ മാലിന്യങ്ങൾ അടിഞ്ഞ് ബ്ലോക്കായി കിടക്കുകയാണ് ഈ പൈപ്പിനുള്ളിൽ.

കഴിഞ്ഞതവണ റെയിൽവേ സ്റ്റേഷനിലെ പടിഞ്ഞാറെ പ്ലാറ്റ്ഫോം പുതുക്കിപ്പണിതപ്പോൾ അതിന് താഴെയുള്ള ഭാഗത്തെ പൈപ്പ് നീക്കംചെയ്ത് കൽവെർട്ട് സ്ഥാപിച്ചിരുന്നു. എന്നാൽ പകുതിയോളം ഭാഗങ്ങളിൽ ഇപ്പോഴും പഴയപൈപ്പ് തന്നെ.

റെയിൽവേഭൂമിയിൽ നഗരസഭയ്ക്ക് നേരിട്ടൊന്നും ചെയ്യാനാകില്ല. നഗരസഭാ അധികൃതർ വെള്ളക്കെട്ട് ഭാഗങ്ങൾ സന്ദർശിച്ചപ്പോൾ റെയിൽവേയുടെ ഈ കൽവർട്ടിനകത്ത് പൈപ്പിലൂടെയുള്ള ഒഴുക്ക് തടസപ്പെടുന്നുവെന്ന് കണ്ടെത്തിയിരുന്നു. പൂർണമായും മൂടപ്പെട്ട തെക്കുകിഴക്ക് വശത്തുള്ള മറ്റൊരു കൽവർട്ടും വെള്ളംജെറ്റിംഗ് നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. നിലവിൽ കോരിച്ചൊരിയുന്ന മഴയത്തും റെയിൽവേയുടെ പടിഞ്ഞാറുഭാഗത്ത് നിർമ്മിച്ചുകൊണ്ടിരിക്കുന്ന കനാലിന് കലുങ്കുപണിയാൻ ഒഴുക്കുവെള്ളം ബണ്ടുകെട്ടി തടഞ്ഞുവച്ചിരിക്കുകയാണ്.

നഗരസഭയുടെ ആവശ്യപ്രകാരം സംയുക്തമായി ഫ്ലോട്ടിംഗ് ജെ.സി.ബി ഇറക്കി റെയിൽവേയുടെ കിഴക്കുവശത്ത് കെട്ടിക്കിടക്കുന്ന വെള്ളം ചാലുകീറി കോണോത്ത് പുഴയിലേക്ക് ഒഴുക്കാനുള്ള നിർദ്ദേശം റെയിൽവേ അംഗീകരിച്ചിരുന്നു. നഗരസഭയുടെ ജെ.സി.ബി നാല് ദിവസങ്ങളോളം മുടങ്ങാതെ പണി നടത്തിയെങ്കിലും റെയിൽവേ ഉദ്യോഗസ്ഥർ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് പരാതിയുണ്ട്.

നഗരത്തിലെ പെയ്ത്തുവെള്ളം ആർ.സി.എം ആശുപത്രിയുടെ വശത്തുള്ള കാനയിലൂടെ കടന്ന് അഞ്ചടിവീതിയുള്ള കൈത്തോടിലൂടെ ഒഴുകി കണ്ണങ്കേരിത്തോട്ടിലൂടെ റെയിൽവേ ട്രാക്കിന് താഴെക്കൂടിയാണ് പോയിരുന്നത്. എന്നാൽ ഈ പൈപ്പ് മാലിന്യംകൊണ്ട് നിറഞ്ഞതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും നഗരത്തിൽ വെള്ളക്കെട്ട് ദുരിതം വർദ്ധിക്കുകയും ചെയ്തു.

മെട്രോയ്ക്കെതിരെയും പരാതി

മെട്രോയുടെ പടിഞ്ഞാറ് ഭാഗത്ത് അറുനൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന പള്ളിപ്പമ്പുകാവ്, കാരുള്ളിൽ ലെയ്ൻ, ചെമ്പോത്തുരുത്ത്, എം.കെ.കെ നായർ നഗർ തുടങ്ങിയ സ്‌ഥലങ്ങളിൽ ഒറ്റമഴയ്ക്ക് റോഡിൽ മാത്രമല്ല വീട്ടിനകത്തും വെള്ളംകയറും.

* ഇവിടെനിന്നുള്ള ഒഴുക്കുവെള്ളം ആദ്യം മെട്രോയും പിന്നീട് റെയിൽവേയും പിന്നിട്ടാലേ കോണോത്ത് പുഴയിലേക്ക് എത്തുകയുള്ളൂ.

* നിലവിൽ മെട്രോയ്ക്കുവേണ്ടി തറയുയർത്തി പണിതിരിക്കുന്ന റോഡിന് കുറുകെ വെള്ളം പോകാനുള്ള സ്ഥിരം സംവിധാനമൊന്നും മെട്രോചെയ്തിട്ടില്ല.

* പ്രദേശവാസികൾ പ്രതിഷേധവുമായി വന്നപ്പോൾ താത്കാലികമായൊരു തോട് പണിതു. ഇവിടെ കാന നിർമ്മിക്കണമെന്നാണ് ആവശ്യം.