കൊച്ചി: റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് പരിക്കേറ്റ നാടോടി സ്ത്രീ മരിച്ചു. 40 വയസ് തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ പുലർച്ചെ 1.20ഓടെ സി.എം.എഫ്.ആർ.എയ്ക്ക് സമീപത്തുവച്ചായിരുന്നു സംഭവം. പൊലീസ് പട്രോളിംഗ് ടീമും കാർഡ്രൈവറും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മീഡിയനിൽനിന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് കരുതുന്നതെങ്കിലും മറ്റ് സാദ്ധ്യതകളും പൊലീസ് തള്ളിക്കള‌ഞ്ഞിട്ടില്ല. 40കാരി മറ്റ് വാഹനങ്ങളുടെ മുന്നിലേക്കുചാടാൻ ശ്രമിക്കുന്നത് കണ്ടിരുന്നുവെന്നാണ് സമീപത്തെ പെട്രോൾപമ്പിലെ ജീവനക്കാർ പൊലീസിന് നൽകിയ വിവരം. പൊലീസ് മേഖലയിലെ സിസി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. ഇവർക്ക് മാനസികപ്രശ്‌നങ്ങൾ ഉള്ളതായി സംശയിക്കുന്നു.

കൊച്ചിയിലെ വിവിധ നാടോടി സംഘാംഗങ്ങളെ കണ്ട് ആരാഞ്ഞെങ്കിലും ഇവരെക്കുറിച്ച് വിവരമൊന്നും പൊലീസിന് ലഭിച്ചില്ല. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇടിച്ച കാർ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും അപകടത്തിൽ പരിക്കേറ്റതുമൂലമാണെന്ന് കണ്ടെത്തിയതോടെ എഫ്.ഐ.ആർ പരിഷ്‌കരിച്ച് വകുപ്പ് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.