കൂത്താട്ടുകുളം: ലൈഫ് ഭവനപദ്ധതിയിൽ ഇതുവരെ 4 ലക്ഷം വീടുകൾ പൂർത്തിയായതായി മന്ത്രി എം.ബി. രാജേഷ്. തിരുമാറാടി പഞ്ചായത്തിൽ 31 കുടുംബങ്ങളുടെ ലൈഫ് വീടുകളുടെ താക്കോൽ കൈമാറലും ഹരിത കർമ്മ സേന യൂസർ ഫീ ശേഖരണം നൂറു ശതമാനം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനവും
നടത്തുകയായിരുന്നു മന്ത്രി. ഒന്നേകാൽ ലക്ഷത്തോളം വീടുകളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതുകൂടി പൂർത്തിയാകുമ്പോൾ അഞ്ചേകാൽ ലക്ഷം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം പൂവണിയും. ലൈഫ് ഭവനപദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. അനൂപ് ജേക്കബ് എംഎൽഎ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, എം.ജെ. ജേക്കബ്, ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യുട്ടീവ് അംഗം പി. ബി.രതീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ
ആശ സനിൽ തുടങ്ങിയവർ സംസാരിച്ചു. 31 വീടുകൾക്കായി 1.21കോടി രൂപയാണ് ചെലവഴിച്ചത്. ഇവരിൽ മൂന്നു പേർക്ക് ഭൂമി വാങ്ങാനുള്ള സഹായവും നൽകി. പഞ്ചായത്തിലെ ലൈഫ് 2020 പദ്ധതിയിൽ ഇതോടെ 97 വീടുകൾ പൂർത്തീകരിച്ചു.