തൃപ്പൂണിത്തുറ: റവന്യൂ ബ്ലോക്കുകളുടെ അടിസ്ഥാനത്തിൽ പുന:ക്രമീകരിച്ചുകൊണ്ട് പൂത്തോട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയും ബ്ലോക്കുതല പൊതുജനാരോഗ്യ കേന്ദ്രമാക്കിക്കൊണ്ടുമുള്ള ഡി.എം.ഒയുടെ ഉത്തരവിൽ യാതൊരു മാറ്റവും വരുത്തരുതെന്ന് ആശുപത്രി വികസന സംരക്ഷണസമിതി അവശ്യപ്പെട്ടു. നിർദ്ദിഷ്ട ബ്ലോക്കുതല പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ എക്സ്റ്റെൻഷൻ പൂത്തോട്ടയിൽ നിന്ന് പെരുംതൃക്കോവിലേക്ക് മാറ്റാനുള്ള നീക്കത്തെ അംഗീകരിക്കില്ല. വികസന സംരക്ഷണ സമിതി നടത്തിവരുന്ന നിരന്തര സമരങ്ങൾക്കും നിവേദനങ്ങൾക്കും നിയമസഭാ കവാടത്തിനു സമീപം നടത്തിയ ശ്രദ്ധക്ഷണിക്കൽ മാർച്ചിനുശേഷവും ബ്ലോക്ക്‌, ഗ്രാമപഞ്ചായത്തുകൾ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണ്. കിടത്തിചികിത്സയും 24 മണിക്കൂറും ഡോക്ടറുടെ സേവനവും ലഭിക്കുംവരെ ജനകീയസമരം തുടരും.

കിടങ്ങിൽ ടാക്സിഹൗസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ എം.പി. ജയപ്രകാശൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ കെ.ടി. വിമലൻ, ഖജാൻജി എം.എസ്. വിനോദ് എന്നിവർ സംസാരിച്ചു.