birdflue

കൊച്ചി: ആലപ്പുഴയിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലും ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ വെറ്ററിനറി വകുപ്പ്. പക്ഷിപ്പനി ബാധിച്ച മറ്റ് എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വില്പനയും കടത്തും 2025 മാർച്ച് വരെ നിരോധിക്കണമെന്ന് പക്ഷിപ്പനി - പഠനസംഘം സർക്കാരിന് നൽകിയ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിർദ്ദേശം.

നിരീക്ഷണ മേഖലയിൽ നിന്ന് കോഴി, താറാവ് ഇറച്ചി,മുട്ട,കാഷ്ടം, പക്ഷികൾ എന്നിവ വിൽക്കാൻ പാടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച പരിശോധനയും നടക്കുന്നുണ്ട്. ജില്ലയിലിതുവരെ പക്ഷിപ്പനിബാധ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ആശങ്കവേണ്ടെന്ന് വെറ്റിനറി വിഭാഗം ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും എല്ലാ ജില്ലകളിൽ നിന്ന് മൂന്നു മാസത്തിലൊരിക്കൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണമെന്നുമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അതിന് ആവശ്യമായ നടപടികളും ജില്ലയിലെ വെറ്റിനറി വിഭാഗം കൈക്കൊള്ളുന്നുണ്ട്.


മറ്റ് പരിശോധനകൾ

സ്വകാര്യ കോഴി, താറാവ് ഫാമുകളുടെ രജിസ്‌ട്രേഷൻ മൃഗാശുപത്രികളിൽ നിർബന്ധമാക്കുന്നതിനുള്ള നടപടികൾ ശക്തമാണോയെന്ന് അന്വേഷിക്കുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങൾ വഴി ഫാമുകളുടെ ലൈസൻസ് സംബന്ധിച്ച പരിശോധന

ദേശാടനപ്പക്ഷികൾ തമ്പടിക്കാൻ സാദ്ധ്യതയുള്ളിടങ്ങളിൽ നിരീക്ഷണം

നിർദ്ദേശിച്ചിട്ടുള്ള സമീപകാല

പദ്ധതികൾ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മുട്ടകളിലും പക്ഷിക്കുഞ്ഞുങ്ങളിലും സ്‌ക്രീനിംഗ്.

പന്നിഫാമുകളിൽ കർശന നിരീക്ഷണവും പരിശോധനയും.

ഓരോ നാലു മാസവും സർക്കാർ- സ്വകാര്യ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കർശനവും നിർബന്ധിതവുമായ ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ്.

അംഗീകൃത അറവുശാലകൾക്ക് മാത്രം കോഴി/താറാവ് ഇറച്ചി സംസ്‌കരണത്തിന് ലൈസൻസ്