ആലുവ: ആലുവ ജില്ലാ ആശുപത്രി വളപ്പിലെ തണൽ മരങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങൾക്ക് ഭീഷണിയായിട്ടും മുറിച്ചുനീക്കുന്നില്ലെന്ന് പരാതി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കും ജീവനക്കാർക്കുമായി നിർമ്മിച്ച പുതിയ ശൗചാലയത്തിന്റെ മുകളിലേക്കാണ് ജില്ലാ ആശുപത്രി വളപ്പിലെ വലിയ മരങ്ങളുടെ ശിഖിരങ്ങൾ വളർന്നുനിൽക്കുന്നത്. ശക്തമായ കാറ്റുണ്ടായാൽ മരം കടപുഴകിയോ ശിഖിരങ്ങളായോ കെട്ടിടത്തിന് മുകളിലേക്ക് വീഴാൻ സാധ്യതയുണ്ട്. പലവട്ടം കെ.എസ്.ആ.ടി.സി അധികാരികൾ മരം മുറിച്ചുനീക്കാൻ നടപടിയെടുക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് പരാതി. ബസ് സ്റ്റാൻഡിന്റെ ഭൂനിരപ്പിൽ നിന്ന് പത്തടിയോളം ഉയരത്തിലാണ് ആശുപത്രിയുടെ സ്ഥലം. അതിനാൽ മരം മറിഞ്ഞാൽ കൂടുതൽ നാശമുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. രണ്ട് മാസം മുമ്പ് ആശുപത്രി വളപ്പിലെ കരിയിലകൾക്ക് തീപിടിച്ചപ്പോൾ കെ.എസ്.ആർ.ടി.സി സെക്യൂരിറ്റി ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിയിച്ചിരുന്നു. ഇതിന്റെ പേരിൽ കെ.എസ്.ആർ.ടി.സിയെ പഴിചാരുന്ന നടപടിയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ആക്ഷേപമുണ്ട്.