mazhamapini-

പറവൂർ: വെള്ളപ്പൊക്കത്തിന്റെ നൂറാംവാർഷികത്തിൽ പെയ്തിറങ്ങിയത് പതിറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴ. വേലിയേറ്റ വെള്ളപ്പൊക്കം, പ്രളയം, വരൾച്ച എന്നിവ മുൻകൂട്ടിയറിയാൻ പഠനം നടത്തുന്ന ഗവേഷണ സ്ഥാപനമായ തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്യൂനോക്ടും പുത്തൻവേലിക്കര കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററും ചേർന്ന് സ്ഥാപിച്ച മഴമാപിനിയിലാണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്.

മലയാളവർഷം 1099ലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യത്തെ വെള്ളപ്പൊക്കമുണ്ടായത്. ഇതിനുശേഷമാണ് 2018ലെ പ്രളയം. കഴിഞ്ഞ 15ന് രാവിലെ എട്ടര മുതൽ 16ന് രാവിലെ എട്ടവരെയുള്ള മഴയാണ് അളന്നത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അതിരപ്പിള്ളിയിൽ 283 മില്ലീമീറ്ററും പറവൂരിലെ ഏഴിക്കരയിൽ 102 മീല്ലീമീറ്ററും മഴപെയ്തു. പെരിയാർ, ചാലക്കുടിയാർ നദീതടങ്ങളുടെ തീരപ്രദേശങ്ങളിൽ മുപ്പത്തിയഞ്ചാളം മഴമാപിനിയാണ് സ്ഥാപിച്ചിട്ടുള്ളത്. മഴയുടെ അളവ് ശേഖരണം കൂടാതെ ഭൂഗർഭജലനിരപ്പ്, കുഴികളിലെ ജലനിരപ്പ് എന്നിവയും രേഖപ്പെടുത്തുന്നുണ്ട്.

വെള്ളപ്പൊക്കത്തിന്റെ നൂറാംവാർഷികത്തിൽ ഏഴിക്കര പുളിങ്ങനാടിൽ സ്ഥാപിച്ച മഴമാപിനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്തു. ഇക്യുനോക്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. സി.ജി. മധുസൂദനൻ, പുത്തൻവേലിക്കര കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററിലെ എം.പി. ഷാജൻ, സുമിത്ര നായർ, എൻ.ജെ. ജിനു, അജിൻ വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് ഉണ്ടാകുന്ന അതിശക്തമായ മഴയും വേലിയേറ്റ വെള്ളപ്പൊക്കവും അതിജീവിക്കുവാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള പഠനങ്ങളും പ്രവർത്തനങ്ങളും തുടരുമെന്ന് ഡോ. സി.ജി. മധുസൂദനൻ പറഞ്ഞു.