കൊച്ചി: രണ്ടു ദിവസമായി ജില്ലയിൽ തുടരുന്ന കനത്തമഴയിൽ ഇന്നലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. എറണാകുളം നഗരത്തിലും ശക്തമായ മഴപെയ്‌തെങ്കിലും കാര്യമായ വെള്ളക്കെട്ടുണ്ടായില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്തമഴയിൽ മരംവീണ് വീടുകൾ ഭാഗികമായി തകരുകയും വൈദ്യുതിലൈനുകൾപൊട്ടി വൈദ്യുതി തടസപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ 81 എം.എം മഴയാണ് ലഭിച്ചത്. ജില്ലയിൽ 31 വീടുകൾ ഭാഗികമായി തകർന്നു. ഭൂതത്താൻകെട്ട് ബാരേജിന്റെയും മലങ്കരഡാമിന്റെയും എല്ലാ ഷട്ടറുകളും തുറന്നു.
മഴ ശക്തിപ്രാപിച്ചതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഇതേത്തുടർന്ന് ആലുവ മണപ്പുറത്തും ക്ഷേത്രത്തിലും വെള്ളംകയറി. കാറ്റിലും മഴയിലും റോഡിലേക്ക് മരംവീണുള്ള അപകടങ്ങളും ഏറെയാണ്. തോട്ടക്കാട്ടുകര ജി.സി.ഡി.എ റോഡിന് കുറുകെ പെരിയാർ ഫ്ളാറ്റിന് മുമ്പിലാണ് മരംവീണത്. കണയന്നൂർ എടക്കാട്ടുവയൽ വില്ലേജ് പരിസരത്തെ കൂറ്റൻ തേക്കുമരം മറിഞ്ഞുവീണു. ആളപായമോ നാശനഷ്ടമോ ഇല്ല.
പെരിയാറിൽ ജലനിരപ്പുയർന്നതോടെ ഏലൂരിലെ താഴ്ന്നപ്രദേശമായ ബോസ്‌കോ കോളനിയിൽ വെള്ളംകയറി. 20ലേറെ വീട്ടുകാർ ദുരിതത്തിലായി. കുറ്റിക്കാട്ടുകര ഗവ. യു.പി സ്‌കൂളിൽ ക്യാമ്പ് തുറന്നു. ഏലൂർ ചിറാക്കുഴി ഭാഗത്തും വെള്ളംകയറി. കുന്നത്തുനാട് താലൂക്കിൽ കല്ലേലിമൂലഭാഗത്ത് മൂന്ന് വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. അറക്കപ്പടി പുളിഞ്ചോട് ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് തിങ്കളാഴ്ച രാത്രി മണ്ണിടിഞ്ഞുവീണ് കെട്ടിടത്തിന് സാരമായ നാശം സംഭവിച്ചു. ആർക്കും പരിക്കില്ല.
അങ്കമാലി മേഖലയിൽ ചാലക്കുടിയാറിന്റെയും പെരിയാറിന്റെയും തീരങ്ങളിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. ഇടമലയാൽ, നീലേശ്വരം, സിയാൽ, പെരുമ്പാവൂർ, ആലുവ, കളമശേരി, പിറവം എന്നിവിടങ്ങളിലാണ് ജില്ലയിൽ കൂടുതൽ മഴലഭിച്ചത്.
കണയന്നൂർ താലൂക്ക്, വാഴക്കാല വില്ലേജ്, ചെമ്പ്മുക്ക് ഭാഗത്ത് അയ്യനാട് എൽ.പി സ്‌കൂളിന് സമീപത്തെ അസീസി സ്‌കൂൾ റോഡിനോട് ചേർന്ന് 50 മീറ്ററോളം വരുന്ന ടൈലിട്ട റോഡ് ഇടിഞ്ഞുതാണു.
മട്ടാഞ്ചേരിയിൽ പുരാതന കെട്ടിടഭാഗം ഇന്നലെ രാവിലെ ഇടിഞ്ഞുവീണതോടെ മട്ടാഞ്ചേരി ബസാർറോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.