y
ചോറ്റാനിക്കര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്

ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ 11 കടമുറികൾ ഒറ്റയൂണിറ്റായി ലേലംചെയ്തതിൽ വ്യാപകമായ ക്രമക്കേട് ആരോപിച്ച് ഭരണകക്ഷി അംഗങ്ങൾ ഉൾപ്പെടെ രംഗത്ത്. 11 കടമുറികളുടെയും ഒറ്റയൂണിറ്റ് വാടക 23,000രൂപയ്ക്ക് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലേലംചെയ്തുകൊടുത്ത തീരുമാനം ലേലനിയമങ്ങളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിപരീതമാണെന്ന് പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങൾ ആരോപിക്കുന്നു. ലേലംചെയ്യാനും അംഗീകരിക്കാനുമുള്ള അടിയന്തരകമ്മിറ്റി വിളിച്ചത് ലേലമെടുത്തവരെ സഹായിക്കാനാണെന്നാണ് ആരോപണം. ചോദ്യങ്ങൾക്ക് മറുപടിപോലും തരാതെ പ്രസിഡന്റ് വോട്ടിനിട്ട് ഭൂരിപക്ഷ അഭിപ്രായത്തിൽ തീരുമാനമെടുത്തതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തുടർന്ന് ഓംബുഡ്സ്‌മാന് പരാതിയും നൽകി.

അടിയന്തരകമ്മിറ്റി വിളിച്ചുചേർത്ത നോട്ടീസിൽ രണ്ട് ഭരണപക്ഷഅംഗങ്ങളും ഒപ്പിട്ടിരുന്നില്ല. കുറഞ്ഞ വാടകനിരക്കിൽ കടമുറി ലേലംചെയ്യുന്നതിന് എതിരഭിപ്രായം ഉള്ളതിനാൽ ഭരണപക്ഷ അംഗങ്ങൾ കമ്മിറ്റി നോട്ടീസിൽ ഒപ്പിടില്ലെന്ന് ആദ്യം നിലപാടെടുത്തുവെങ്കിലും പാർട്ടി നിർദ്ദേശപ്രകാരം പിന്നീട് ഒപ്പിടുകയായിരുന്നു. കുറഞ്ഞ നിരക്കിൽ കടമുറികൾ വാടകയ്ക്ക് കൊടുത്തതിൽ എതിരഭിപ്രായമുള്ളതിനാലാണ് അംഗങ്ങൾ ഒപ്പിടാതിരുന്നതെന്നാണ് സൂചന. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജു, ലത ഭാസി എന്നിവരാണ് ആദ്യം ഒപ്പിടാതിരുന്നത്.

പ്രതിപക്ഷ ആരോപണം

1 2005ൽ മുൻഭരണസമിതി 11 കടമുറികളും ഒന്നിച്ചുകൂട്ടി 22500 രൂപയിലാണ് ലേലം ആരംഭിച്ചത്

2 രണ്ടുവർഷംമുമ്പ് അസിസ്റ്റന്റ് എൻജിനിയർ പുതുക്കിയ വാടകനിരക്ക് അനുസരിച്ച് ഒരു കടമുറിക്ക് 9000 രൂപയാണ് വാങ്ങേണ്ടത്

3 വികലാംഗർക്കും പട്ടികജാതി വിഭാഗങ്ങൾക്കും മുറികൾ നീക്കിവയ്ക്കാതെയാണ് ലേലംചെയ്തത്

4 ലേലത്തിൽ പങ്കെടുക്കുന്ന സൊസൈറ്റികൾ ലേലത്തീയതിക്ക് ഒരുദിവസം മുമ്പ് നിരതദ്രവ്യമായി ഒരുലക്ഷംരൂപ പഞ്ചായത്ത് ഓഫീസിൽ അടയ്ക്കണമെന്ന നിയമം പാലിച്ചില്ല

5 വ്യക്തികളെ ഒഴിവാക്കി രണ്ട് സൊസൈറ്റികൾക്ക് ലേലത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കി

ലേലത്തിൽ നടന്നത്

@ കടമുറികൾ മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൈറ്റിക്ക് ലേലംകൊടുത്തത് 10 വർഷത്തേക്ക്

@ പഞ്ചായത്തിന്റെ മാസവരുമാനം 76,000 രൂപയുടെ നഷ്ടം (11 മുറികൾക്ക് ഒമ്പതിനായിരം രൂപവച്ച് 99,000രൂപയാണ് ലഭിക്കേണ്ടത്

@ കുടുംബശ്രീ സൂപ്പർമാർക്കറ്റിന്റെ മറവിൽ സ്വകാര്യ വ്യക്തികൾക്ക് കുറഞ്ഞ നിരക്കിൽ നൽകുന്നതിലൂടെ പാർട്ടിക്കുള്ളിൽ വ്യവസായികളെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ആരോപണം

@ കുടുംബശ്രീകളിൽനിന്ന് ആകെ പിരിച്ചത് 3.5 ലക്ഷം രൂപ, ബാക്കിതുക ആരു മുടക്കുമെന്ന് പ്രതിപക്ഷത്തിന് ചോദ്യത്തിനും ഉത്തരമില്ല