കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിന്റെ ഉത്സവപ്പറമ്പായ ഡർബാർ ഹാൾ ഗ്രൗണ്ടിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ക്ഷേത്രചടങ്ങുകൾക്കും ക്ഷേത്രാചാരങ്ങൾക്കും വിഘാതമുണ്ടാക്കുമെന്ന് കൊച്ചിൻ ദേവസ്വംബോർഡ്. ഇതിനെതിരെ കളക്ടർക്കും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനും (ഡി.ടി.പി.സി) എറണാകുളം ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ ഇന്നലെ കത്ത് നൽകി. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ നിർമ്മാണങ്ങൾ പാടില്ലെന്നും ദേവസ്വവുമായി കൂടിയാലോചിച്ചേ നിർമ്മാണങ്ങൾ നടത്താവൂ എന്നും കത്തിൽ പറയുന്നു.
ക്ഷേത്രത്തിലെ ഉത്സവവും കലാപരിപാടികളും നടക്കുന്നത് ഒന്നരഏക്കർ വരുന്ന ഡർബാർഹാൾ ഗ്രൗണ്ടിലാണ്. വെടിക്കെട്ടും പകൽപ്പൂരവും പറയ്ക്കെഴുന്നള്ളിപ്പും ഇവിടെത്തന്നെയാണ്. ഭക്തരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസും ഈടാക്കില്ല. ഗ്രൗണ്ടിനോടനുബന്ധിച്ചുള്ള ഭക്ഷണശാലകളിൽ മത്സ്യ, മാംസ ഭക്ഷണങ്ങൾക്കും വിലക്കുണ്ട്.
ഗ്രൗണ്ട് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഗെയ്‌മിംഗ് സ്റ്റേഷൻ, റേഡിയോ സ്റ്റേഷൻ, ടർഫ്, കുട്ടികളുടെ ലൈബ്രറി, ഏതാനും കിയോസ്കുകൾ തുടങ്ങിയവ സ്ഥാപിക്കാനുള്ള പദ്ധതിയാണ് ഡി.ടി.പി.സി ആലോചിക്കുന്നത്. വെടിക്കെട്ട് നടത്തുന്ന സ്ഥലത്താണ് നിർദ്ദിഷ്ട ടർഫ്. ഇത് സംബന്ധിച്ച് പ്രോജക്ട് റിപ്പോർട്ട് കൊച്ചി സ്മാർട്ട്സിറ്റി മിഷന് (സി.എസ്.എം.എൽ) നൽകിയിരുന്നു. ഇവരാണ് ഗ്രൗണ്ടിലെ നിൽമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇപ്പോൾ സ്റ്റേജിന് പിന്നിൽ വലിയ വാട്ടർടാങ്കിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഗ്രൗണ്ടിന് ചുറ്റുമുള്ള ടൈലുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളും സി.എസ്.എം.എൽ മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ നിർമ്മിതികൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാനാണ് നീക്കം.
ഡർബാർ ഹാൾ ഗ്രൗണ്ട് ക്ഷേത്രത്തിന് തിരിച്ചുനൽകണം.
നൂറ്റാണ്ടുകളായി എറണാകുളം ശിവക്ഷേത്രത്തിന്റെ ഭാഗമാണ് ഡർബാർ ഹാൾ ഗ്രൗണ്ട്. മുൻ ദേവസ്വംബോർഡും ക്ഷേത്രഭാരവാഹികളും സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയാണ് കൈമാറിയത്. ഇതുസംബന്ധിച്ച കരാറിൽ ക്ഷേത്രാവശ്യങ്ങൾക്കെല്ലാം ഗ്രൗണ്ട് വിട്ടുനൽകണമെന്ന വ്യവസ്ഥയുണ്ട്. ക്ഷേത്രാചാരങ്ങളെ ഹനിക്കുന്ന രീതിയിൽ ഒരു പ്രവൃത്തിയും ഗ്രൗണ്ടിൽ അനുവദിക്കാനാവില്ല.
പി. രാജേന്ദ്രപ്രസാദ്
മുൻ പ്രസിഡന്റ്
എറണാകുളം ക്ഷേത്രക്ഷേമസമിതി
പുതിയ പദ്ധതികൾ ആലോചനയിൽ മാത്രമാണ്. ക്ഷേത്രഭാരവാഹികളുമായി ആലോചിച്ച് മാത്രമേ അന്തിമരൂപം നൽകൂ.
സതീഷ് മിറാൻഡ
സെക്രട്ടറി, ഡി.ടി.പി.സി