വൈപ്പിൻ: വോളിബാളിലൂടെ നിരവധി പേരെ പ്രശസ്തരാക്കിയ പരിശീലകൻ പി.സി രാഘവന് നാടിന്റെയും ശിഷ്യഗണത്തിന്റെയും ആദരം. പള്ളത്തുപടി ട്രസ്റ്റ് സംഘടിപ്പിച്ച ഗുരുവന്ദനത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. പി.സി രാഘവനെ പൊന്നാടയണിയിച്ചു. നാടിന്റെ അഭിമാനവും അന്തസുമാണ് പി. സി. രാഘവൻ മാഷെന്ന് എം.എൽ.എ.പറഞ്ഞു. ചടങ്ങിൽ സിന്ധു ജയൻ അദ്ധ്യക്ഷയായി. ഐ.ആർ.എസ്. ഇ.ഡി.വി.എ. യുടെ മൊയ്തീൻ നൈന മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സേവ്യർ ലൂയീസ്, കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേറ്റ് സ്റ്റേറ്റ് സെക്രട്ടറി ടി.ആർ.ബെന്നി, ജില്ലാ വോളിബാൾ സെക്രട്ടറി ആൻഡ്രൂസ് കടത്തൂർ, മുൻ ക്യാപ്റ്റൻ അനിൽ, സ്‌നേഹ വിൻസി, എൻ.എസ്.ശ്രീജ, രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
നായരമ്പലം സ്വദേശിയായ രാഘവൻ പതിനെട്ടാം വയസ്സിൽ മിലിട്ടറി ആർട്ടിലറിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970 വരെ അവിടെ കളിച്ചു. തുടർന്ന് കളമശ്ശേരി പ്രീമിയർ ടയേഴ്‌സിൽ 20 വർഷത്തോളം തുടർന്നു. 1990കളിൽ നായരമ്പലത്ത് വോളിബാൾ അക്കാഡമി തുടങ്ങി. വൈപ്പിൻ വോളിബോൾ അക്കാഡമി, സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഡെവലപ്പ്‌മെന്റ് ക്ലബ്ബ് എന്നീ ക്ലബ്ബുകളിലൂടെ നിരവധി താരങ്ങളെ വളർത്തിയെടുത്തു. ഇദ്ദേഹത്തിന്റെ ശിഷ്യർ ഇന്ത്യൻ റെയിൽവേ, പൊലീസ്, കെ.എസ്. ഇ.ബി. തുടങ്ങി സർക്കാർ ജോലികളിലും സ്കൂളുകളിലും മറ്റും പരിശീലകരായും ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകരായും ജോലി നോക്കുന്നു. 88 വയസുകാരനായ ഇദ്ദേഹം നായരമ്പലത്ത് കുട്ടികൾക്ക് ഇപ്പോഴും പരിശീലനം നൽകുന്നുണ്ട്.