തോപ്പുംപടി: നഗരത്തിലെ റെയിൽവേ കൽവെർട്ടുകൾ ഉയർത്തി പണിയണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. നഗരത്തെ മുറിച്ചുകടന്നുപോകുന്ന റെയിൽവേ പാളങ്ങൾ നഗരത്തിലെ നീർച്ചാലുകളെ 22 കൽവെർട്ടുകളായി മുറിക്കുമ്പോൾ അതിൽ പൈപ്പ് കൽവെർട്ടുകളും ഉൾപ്പെടുന്നു. ഇത് നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിൽ ഒന്നാണ്.
നഗരത്തിലെ എല്ലാ കാനകളും ശുചീകരിക്കേണ്ടത് നഗരസഭയുടെ അനിവാര്യമായ ചുമതലയാണ്. കൽവെർട്ടുകൾ ശുചീകരണം നടത്തേണ്ട കാര്യത്തിൽ റെയിൽവേയും നഗരസഭയും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്നും അടിയന്തരമായി മേയർ റെയിൽവേ അധികാരികളുമായി ബന്ധപ്പെട്ട് കൽവെർട്ടുകൾ ഉയർത്തി പുനർനിർമാണം നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.

ആവശ്യങ്ങൾ

1 പൈപ്പ് കൽവെർട്ടുകൾ ബോക്സ് കൽവെർട്ടുകളാക്കണം.

2 നിലവിലുള്ള ബോക്സ് കൽവെർട്ടുകൾ ഉയർത്തി നീരൊഴുക്ക് സുഗമമാക്കണം.

3 യന്ത്രങ്ങൾ ഉപയോഗിച്ച് കൽവെർട്ടുകളുടെ ഉൾഭാഗം ശുചീകരിക്കാനാവുംവിധം പുനർനിർമ്മിക്കണം

* ആവശ്യത്തിന് നാളുകളുടെ പഴക്കം

റെയിൽവേ കൽവെർട്ടുകൾ ഉയർത്തി പണിയണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. 2018ലെ പ്രളയ സമയത്തും അതിനുശേഷവുമെല്ലാം നഗരത്തിലെ വെള്ളപ്പൊക്ക പ്രശ്‌നം രൂക്ഷമായി ഉന്നയിക്കപ്പെട്ടപ്പോഴൊക്കെ കൽവെർട്ടുകൾ ഉയർത്തണമെന്ന ആവശ്യം ശക്തമായിരുന്നു. നിലവിലെ പ്രതിപക്ഷമായിരുന്നു അന്നത്തെ ഭരണപക്ഷം. ഭരണം മാറിയിട്ടും പ്രശ്‌നത്തിന് നടപടിയാകാത്തതിനെതിരെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.

നൂറു കണക്കിന് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിലെ അനാസ്ഥ വെടിയണം.

അഡ്വ. ആന്റണി കുരീത്തറ
നഗരസഭ പ്രതിപക്ഷ നേതാവ്

അതിവേഗം നടപടിയെടുത്താൽ എത്രയും നല്ലത്.
എം.ജി. അരിസ്റ്റോട്ടിൽ
കോൺഗ്രസ്‌