ആലുവ: തെരുവുമക്കളില്ലാത്ത ഇന്ത്യ എന്ന ലക്ഷ്യവുമായി ജനസേവ ശിശുഭവന്റെ പ്രവർത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു. ആദ്യസംരംഭമായി രാജസ്ഥാനിലെ അജ്മീറിൽ ചേരിപ്രദേശങ്ങളിലെ കുട്ടികൾക്കായി ജനസേവ ഉഡാൻ അക്കാഡമി എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു.
ചേരിപ്രദേശങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ഭക്ഷണവും ഉറപ്പുവരുത്തുന്നതാണ് പദ്ധതിയെന്ന് ജനസേവ ശിശുഭവൻ മുഖ്യരക്ഷാധികാരി ഡോ. ടോണി ഫെർണാണ്ടസ്, ചെയർമാൻ ജോസ് മാവേലി, പ്രസിഡന്റ് ചാർളി പോൾ എന്നിവർ അറിയിച്ചു. ചേരിയിലെ കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങളുടെ ആദ്യപടിയായി ആറ് മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകും. കുട്ടികൾക്ക് ഉച്ചഭക്ഷണവും ജനസേവ നൽകും. അജ്മീറിൽ 2000 ചതുരശ്രഅടി ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് പ്രവർത്തനം. എട്ട് അദ്ധ്യാപകരെയും രണ്ട് ഓഫീസ് സ്റ്റാഫിനെയും നിയമിച്ചു.
അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികളെ മറ്റ് വിദ്യാലയങ്ങളിൽ ചേർത്ത് ജനസേവയുടെ തണലിൽ പഠിപ്പിക്കും. കോഴിക്കോട് സ്വദേശിയായ ഡോ. സുനിൽ ജോസിനാണ് ഉഡാൻ അക്കാഡമിയുടെ ചുമതല.
സൗജന്യ ഉച്ചഭക്ഷണ പദ്ധതി, നിർധന വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പ് എന്നീ പദ്ധതികളിലൂടെയായിരുന്നു 1996ൽ ജനസേവയുടെ തുടക്കം. 1999ൽ തെരുവിൽ അലയുന്ന കുട്ടികളുടെ സംരക്ഷണത്തിനായി ജനസേവ ശിശുഭവനും ആരംഭിച്ചു. ഇതിനിടെ രണ്ടായിരത്തോളം കുട്ടികളെ തെരുവിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. നിരവധി പേർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്.