നെടുമ്പാശേരി: കണക്കൻക്കടവ് റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടറുകൾ പ്രവർത്തനസജ്ജമാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പി മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചു. ബ്രിഡ്ജിലെ ഷട്ടറുകൾ കാലപ്പഴക്കം മൂലം പ്രവർത്തന യോഗ്യമല്ലാതായിരിക്കുകയാണ്. കാലവർഷം ശക്തി പ്രാപിക്കുകയും പെരിങ്ങൽകുത്ത് ഡാം ഉൾപ്പെടെ തുറക്കേണ്ട സാഹചര്യവുമാണ്. ചാലക്കുടി പുഴയിൽ സ്ഥിതി ചെയ്യുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഉയർത്താനാകാത്ത സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് കനത്ത ദുരിതമാകും. 2018ലെ പ്രളയത്തിന്റെ കെടുതികൾ വിട്ടുമാറാത്ത ജനവിഭാഗങ്ങൾ വീണ്ടും ദുരിതഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ മഴ തീരവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.