* ആമയിഴഞ്ചാൻ സംഭവം ഓർമ്മിപ്പിച്ച് ഹൈക്കോടതി
കൊച്ചി: നഗരത്തിലെ തോടുകളിലേയ്ക്ക് മാലിന്യം തള്ളുന്നത് തടഞ്ഞില്ലെങ്കിൽ തിരുവനന്തപുരത്ത്
സംഭവിച്ചപോലുള്ള ദുരന്തം കൊച്ചിയിലും ആവർത്തിച്ചേക്കാമെന്ന് ഹൈക്കോടതി. മാലിന്യനിർമ്മാർജനത്തിന് ആധുനിക സംവിധാനങ്ങൾ വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
റെയിൽവേ നിയന്ത്രണത്തിലുള്ള കൽവർട്ടുകൾ വൃത്തിയാക്കുന്നതിൽ പല ഉത്തരവുകളുണ്ടായിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞു. കാനകൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോടതി രൂപീകരിച്ച മേൽനോട്ടസമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് തുടർന്ന് റെയിൽവേ അറിയിച്ചു.
കമ്മട്ടിപ്പാടത്തെ കൽവർട്ട് പുനർനിർമ്മിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് മൂന്നരക്കോടിയിലധികം രൂപ വകയിരുത്തി. രണ്ടുമാസത്തിനകം പണി തുടങ്ങുമെന്നും റെയിൽവേ അറിയിച്ചു. മറ്റ് കൽവർട്ടുകളുടെ കാര്യത്തിലും നടപടി വേണമെന്ന് കോടതി പറഞ്ഞു.
കെ.എസ്.ആർ.ടി.സി ഭാഗത്ത് പേരണ്ടൂർ കനാലിൽ വലിയതോതിൽ മാലിന്യം എത്തുന്നത് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തി. ഇത്രയധികം മാലിന്യം എങ്ങനെയാണ് ഒഴുകിയെത്തുന്നതെന്ന് കണ്ടെത്തണമെന്ന് കോടതി പറഞ്ഞു. മറൈൻഡ്രൈവിലെ മഴവിൽപ്പാലത്തിനടിയിലും വലിയതോതിൽ മാലിന്യമടിഞ്ഞിട്ടുണ്ട്. വാക്‌വേയ്ക്ക് സമീപമാണിത്.
കനാലിലെ വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നതിന് കാരണം മാലിന്യം മാത്രമല്ലെന്നും അടിഞ്ഞുകൂടിയ ചെളിയടക്കം പ്രശ്‌നമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പേരണ്ടൂർ കനാലിലേക്ക് മാലിന്യം തള്ളിയതിന് എത്ര കേസെടുത്തെന്നും ചോദിച്ചു. ചങ്ങാടംപോക്ക് തോട്ടിലും മാലിന്യമുണ്ട്.
പേരണ്ടൂർ കനാലിൽ മാലിന്യംതള്ളിയാൽ നടപടി സ്വീകരിക്കുമെന്ന് ഉത്തരവിട്ടതുപോലെതന്നെ മറ്റ് കാനകളുടെ കാര്യത്തിലും ഉത്തരവിടാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
മാലിന്യംനീക്കുന്ന കാര്യത്തിൽ വിവിധ വകുപ്പുകൾ തമ്മിൽ ഒത്തൊരുമയില്ലെന്നും അറിയിച്ചു. ഇക്കാര്യത്തിൽ ജനങ്ങളും സിവിൽ ഉത്തരവാദിത്വം ലംഘിക്കുകയാണെന്ന് കോടതി പറഞ്ഞു.
കൊച്ചി കടലിന് താഴെയാണ്. അതിനാൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കനാൽ തടസപ്പെട്ടാൽ സിറ്റി മുങ്ങും. കാനകൾ വൃത്തിയാക്കുന്ന കാര്യത്തിൽ മേൽനോട്ട സമിതിക്കായിരിക്കും ചുമതല. മേൽനോട്ടസമിതിയുടെ യോഗത്തിൽ റെയിൽവേ പങ്കെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയം 31ന് വീണ്ടും പരിഗണിക്കും.