കൊച്ചി: വാഹനയാത്രികർക്ക് പ്രതീക്ഷയേകി അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസിന്റെ ജി.എസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെയാണ് ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്. ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര സർക്കാർ ഫണ്ട് നൽകണമെങ്കിൽ ചരക്ക് സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കണണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചതോടെ തുടർനടപടികൾ വേഗത്തിലാകും.
പദ്ധതി വൈകുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ഹൈബി ഈഡൻ എം.പി അറിയിച്ചിരുന്നു. അരൂർ ഇടപ്പള്ളി ബൈപ്പാസിലെയും ഇടപ്പള്ളി അങ്കമാലി പാതയിലെയും ഗതാഗത കുരുക്കിന് പരിഹാരമായാണ് എറണാകുളം ബൈപ്പാസ് നിർദ്ദേശിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഗതാഗത മന്ത്രിയുമായി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പദ്ധതി ചർച്ച ചെയ്തിരുന്നു. അന്നാണ് ചരക്ക് സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചത്. അന്ന് സംസ്ഥാനം തീരുമാനം കൈക്കൊണ്ടിരുന്നില്ല.
424 കോടി
ദേശീയ പാതാ അതോറിട്ടി (എൻ.എച്ച്.എ.ഐ) തയാറാക്കിയിട്ടുള്ള അടങ്കൽതുക പ്രകാരം ജി.എസ്.ടി ഇനത്തിൽ 254.4 കോടി രൂപയും റോയൽറ്റി ഇനത്തിൽ 169.6 കോടി രൂപയുമാണ് സംസ്ഥാന സർക്കാർ ഉപേക്ഷിക്കുക. ആകെ 424 കോടിരൂപ. അങ്കമാലിക്കടുത്ത് കരയാമ്പറമ്പിൽനിന്ന് തുടങ്ങുന്ന പുതിയ ബൈപ്പാസ് വേങ്ങൂർ, മറ്റൂർ, ചെങ്ങൽ, പുതിയേടം, തിരുനാരായണപുരം, മഞ്ഞപ്പെട്ടി, പൂക്കാട്ടുപടി, കിഴക്കമ്പലം, കൊച്ചിൻ റിഫൈനറി, തൃപ്പൂണിത്തുറ, മരട് എന്നിവിടങ്ങളിലൂടെയാണ് കുണ്ടന്നൂരിൽ അവസാനിക്കുക.
45 കി.മീ
45 കിലോമീറ്ററാണ് നിർദ്ദിഷ്ടപദ്ധതി. എറണാകുളം ബൈപ്പാസിനായി 287 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 6,000 കോടി രൂപയാണ് പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത്. നടപടികൾ നീളുന്നതിനാൽ ചെലവ് വീണ്ടും വർദ്ധിക്കുമെന്ന ആശങ്ക ദേശീയ പാത അതോറിട്ടിക്കുണ്ട്.
പദ്ധതിയ്ക്ക് വേണ്ട ഭൂമി ഏറ്റെടുക്കൽ ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് ഈ ചെലവുകൾ വഹിക്കുന്നതിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്
ഹൈബി ഈഡൻ എം.പി