പെരുമ്പാവൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂവപ്പടി ബ്ലോക്കിന് കീഴിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതും ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ചതുമായ പഞ്ചായത്ത് എന്ന ബഹുമതിക്ക് കൂവപ്പടി പഞ്ചായത്ത് അർഹമായി. കഴിഞ്ഞ സാമ്പത്തിക വർഷം 4 കോടി 70 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യിൽ നിന്ന് പ്രസിഡന്റ് ഇൻ-ചാർജ് എം.ഒ ജോസ് ഉപഹാരം ഏറ്റുവാങ്ങി. മുൻ പ്രസിഡന്റ് സിന്ധു അരവിന്ദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സിനി എൽദോ കെ.പി. ചാർലി, ജിജി ശെൽവരാജ് എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ അർഹരായ 1550 കുടുംബങ്ങൾക്ക് തൊഴിൽ നൽകിയതിലൂടെ 106848 തൊഴിൽ ദിനം സൃഷ്ടിച്ചാണ് ഒന്നാമതെത്തിയത്. 448 പേർക്ക് 100 തൊഴിൽ ദിനം നൽകുകയും ഇവർക്ക് ഫെസ്റ്റിവെൽ ആനുകൂല്യം 1000 രൂപ ലഭ്യമാക്കുകയും ചെയ്തു. വ്യക്തിഗത ആസ്തി നിർമ്മാണത്തിലും മാലിന്യനിർമ്മാർജ്ജന പദ്ധതി നടത്തിപ്പിലും വലിയ മുന്നേറ്റം നടത്തി. സോക്ക്പിറ്റ് (വേസ്റ്റ് കുഴി) കമ്പോസ്റ്റ് പിറ്റ്, ഫാം പോണ്ട്, കോഴിക്കൂട്, ആട്ടിൻ കൂട്, അസോള ടാങ്ക്, വർക്ക് ഷെഡ്ഡ് എന്നിവയുടെ നിർമ്മാണത്തിലും ഇതര പഞ്ചായത്തിനേക്കാൾ കൂടുതൽ നേട്ടം കൊയ്തു. മുൻവർഷവും ഈ നേട്ടം പഞ്ചായത്ത് നേടിയിരുന്നു.