lebar-jn-road

പറവൂർ: മഴ ശക്തിയായതോടെ ദേശീയപാത 66ലെ റോഡുകൾ തകർന്ന അവസ്ഥയിൽ. മൂത്തകുന്നം മുതൽ പറവൂർ വരെയുള്ള ഭാഗം തകർന്ന് കുണ്ടുംകുഴിയുമായി. ഓരോ ദിവസവും റോഡിന്റെ അവസ്ഥ മോശമാവുകയാണ്. ചെറുകുഴികൾ ദിവസങ്ങൾക്കുള്ളിൽ ആഴമേറിയ കുഴികളാകുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നതും സാധാരണമായി. വലിയ വാഹനങ്ങൾക്ക് വേഗത്തിൽ കടന്നുപോകാൻ സാധിക്കാത്തത് ദേശീയപാതയിൽ ഗതാഗത തടസത്തിനും കാരണമാകുന്നു. കണ്ണൻകുളങ്ങര, പറവൂർ പാലം, മുനമ്പം കവല, ലേബർ കവല തുടങ്ങി ഒട്ടേറെ സ്‌ഥലങ്ങളിൽ വൻ കുഴികളാണ്. മുനമ്പം കവലയിൽ റോഡ് പൂർണമായി നശിച്ചു. കണ്ണൻകുളങ്ങരയിൽ കൊടുംവളവിലാണ് കുഴികൾ. ബസുകളും കണ്ടെയ്‌നർ ലോറികളും ചീറിപ്പായുന്ന ദേശീയപാതയിലെ കുഴികൾ മൂടാത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. പഴയ ദേശീയപാതയുടെ അറ്റകുറ്റപ്പണികളിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.