kormala

മൂവാറ്റുപുഴ: മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മൂവാറ്റുപുഴ വെള്ളൂർക്കുന്നം കോർമലയിൽ താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം. അഞ്ച് കുടുംബങ്ങൾക്കാണ് മാറിത്താമസിക്കാൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. മഴ ശക്തമായതിന് പിന്നാലെയാണ് വെള്ളൂർകുന്നം വില്ലേജ് ഓഫീസർ ചൊവ്വാഴ്ച കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയത്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ റവന്യൂ വിഭാഗം നടപടി ആരംഭിച്ചു. നോട്ടീസ് ലഭിച്ചെങ്കിലും പല കുടുംബങ്ങളും മാറാൻ തയ്യാറായിട്ടില്ല. മഴ ശക്തി പ്രാപിക്കുകയും മണ്ണിടിച്ചിൽ സാദ്ധ്യത വർദ്ധിക്കുകയും ചെയ്താൽ പൊലീസ് സഹായത്തോടെ ഇവരെ ഒഴിപ്പിക്കാനാണ് തീരുമാനം. 2015 ജൂലായ് 5ലെ കനത്ത മഴയിൽ നഗര മദ്ധ്യത്തിലെ കോർമലക്കുന്ന് ഇടിഞ്ഞു എം.സി റോഡിൽ പതിച്ചിരുന്നു. ഇവിടെ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള ടാങ്കും ഐ.ബിയും അടക്കം സ്ഥിതിചെയുന്ന മല സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.