കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിലെമ്പാടും തുടരുന്ന കനത്ത മഴയ്ക്ക് ഇന്നലെയും ശമനമില്ല. ജില്ലയുടെ കിഴക്കൻ മേഖലയിലുൾപ്പെടെ കനത്ത മഴയാണ് പെയ്തത്. രണ്ട് വീടുകൾ പൂർണമായും 71 വീടുകൾ ഭാഗികമായും തകർന്നു. ആലുവ, പറവൂർ താലൂക്കുകളിലാണ് വീടുകൾ പൂർണമായി തകർന്നത്. കൊച്ചി താലൂക്കിലെ കുമ്പളങ്ങി വില്ലേജിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. മട്ടാഞ്ചേരിയിൽ ലീസ് ഭൂമിയിൽ നിൽക്കുന്ന പഴക്കമേറിയ ഇരുനില കെട്ടിടത്തിന്റെ ഒരുഭാഗംതകർന്നു. മൂവാറ്റുപുഴ താലൂക്കിൽ 16 വീടുകൾ ഭാഗികമായി തകർന്നു. മൂന്ന് വീടുകളുടെ സംരക്ഷണഭിത്തിക്ക് ഭാഗികമായ നാശനഷ്ടങ്ങളുണ്ടായി. ആലുവ താലൂക്കിൽ ആറും കോതമംഗലത്ത് മൂന്നും കണയന്നൂരിൽ 13ഉം കുന്നത്തുനാട്ടിൽ 15ഉം പറവൂരിൽ 14ഉം വീടുകൾ ഭാഗികമായി തകർന്നു. പാറക്കടവിലും ഒരു വീട് പൂർണമായി തകർന്നു.

പാറക്കടവ് എളവൂരിൽ ചുഴലിക്കാറ്റിൽ ജാതി, റബർ, തെങ്ങ്, വാഴ തുടങ്ങി നിരവധി വിളകൾ നശിച്ചു. വൈദ്യുതിപോസ്റ്റുകളും ലൈനുകളും തകർന്നു വീണു. ചൊവ്വര ചുള്ളിക്കാട്ട് പള്ളിയുടെ സെപ്റ്റിക് ടാങ്കിന്റെ സംരക്ഷണമതിൽ ഇടിഞ്ഞു.

* വീട്ടിലേക്ക് മണ്ണിടിഞ്ഞു

പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടൻതൊട്ടിൽ ജോമോന്റെ വീട്ടുമുറ്റത്തേക്ക് കഴിഞ്ഞദിവസം ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണു. രാത്രി 10.30ഓടെ 40 അടി ഉയരത്തിൽനിന്ന് മണ്ണുംകല്ലുമിടിഞ്ഞ് വീട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന മുറിയിലേക്കാണ് മണ്ണുംകല്ലും പതിച്ചതെങ്കിലും ആർക്കും പരിക്കില്ല. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിലുള്ള സംഘവും നാട്ടുകാരും ചേർന്ന് വീട്ടിലെ അവശ്യസാധനങ്ങൾ വീണ്ടെടുത്തശേഷം കുടുംബത്തെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റി. ജോമോൻ മാത്യു, ഭാര്യ സൗമ്യ, മക്കളായ അൽന ജോമോൻ (17), ആൽബിൻ (10) എന്നിവരെയാണ് മാറ്റിപ്പാർപ്പിച്ചത്.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ പരേതനായ വേലംപറമ്പിൽ മധുവിന്റെ വീട്ടിലേക്ക് മരം ഒടിഞ്ഞുവീണ് വീടിനോട് ചേർന്ന ഷെഡിന് തകരാറുണ്ടായി. നേര്യമംഗലം വില്ലാഞ്ചിറയിൽ വീണ്ടും മരം റോഡിനു കുറുകെവീണ് ഗതാഗതം തടസപ്പെട്ടു.

* ജലനിരപ്പുയർന്നു തന്നെ

ജില്ലയിലെ നദികളിൽ ജലനിരപ്പ് ഇന്നലെയും ഉയർന്നുതന്നെയാണ്. മൂവാറ്റുപുഴയാർ, പെരിയാർ, കാലടി, മാർത്താണ്ഡവർമ്മ, മംഗലപ്പുഴ എന്നിവിടങ്ങളിലെല്ലാം ജലനിരപ്പ് മുന്നറിയിപ്പ് നിരക്കിനോടടുത്തു തന്നെയാണ്. പ്രതികൂലകാലാവസ്ഥയെത്തുടർന്ന് കാലടി മഹാഗണിത്തോട്ടം ഇക്കോടൂറിസംകേന്ദ്രം മൂന്ന് ദിവസം അടച്ചിടും.