തൃശൂർ: കേരള വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാക്കളിലൊരാളും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി ഒൻപതോടെ ആൻജിയോഗ്രാമിന് വിധേയനാകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം.

സി.പി.എം ഏരിയ കമ്മിറ്റിയംഗമാണ്. ആമ്പക്കാടൻ ഇമ്മട്ടി ജോസഫിന്റെയും മേരിയുടെയും മകനാണ്.

സി.പി.എമ്മിന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി സമിതി രൂപീകരിച്ചപ്പോൾ നേതൃനിരയിലുണ്ടായിരുന്നു. സംഘടനയുടെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്റാണ്. നിലവിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹിയായി വർഷങ്ങളായി കായികതാരങ്ങളെ സംഘടിപ്പിച്ചു. കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്, റഗ്ബി അസോസിയേഷൻ ജില്ലാ രക്ഷാധികാരി, ബേസ്‌ബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ഹോക്കി അസോസിയേഷൻ ജില്ലാ രക്ഷാധികാരി തുടങ്ങിയ പദവികൾ വഹിച്ചു.

പൗൾട്രി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി കോൺഫെഡറേഷൻ ജനറൽ കൺവീനർ, കേരള ഹെഡ്‌ലോഡ് വർക്കേഴ്‌സ് വെൽഫെയർ ബോർഡംഗം, ജില്ലാ ശിശുസംരക്ഷണ കൗൺസിൽ അംഗം, നാസിക് ഡോൾ ഓണേഴ്‌സ് സമിതി സംസ്ഥാന രക്ഷാധികാരി, കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷൻ ഡയറക്ടർ, സംഗമം സാംസ്‌കാരിക വേദി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്.