asif-ali

തു യുദ്ധവും സമാധാനത്തിലെത്തിക്കാൻ ഒരു മാർഗമുണ്ട്. പടനായകർ പരസ്പരം ഉള്ളുതുറന്നു ചിരിച്ചാൽ മതി. തിരഞ്ഞെടുപ്പു പോരാട്ടത്തിലും അങ്ങനെയാണ്. ചിരിക്കാൻ മടിക്കാത്തവരെ ജനങ്ങൾ മറക്കില്ല. കത്തിക്കയറുന്ന വിവാദങ്ങളും വെളുക്കേയുള്ള ചിരിയിൽ കെട്ടടങ്ങിക്കൊള്ളും. അതാണ് ചിരിയുടെ നയതന്ത്രം. ആ ചിരിയുടെ ശക്തിയാണ് കഴിഞ്ഞദിവസങ്ങളിൽ ആസിഫ് അലി- രമേഷ് നാരായണൻ വിവാദത്തിൽ കണ്ടത്. സമൂഹത്തിൽ ഇതിന്റെ പേരിലുണ്ടായ ചേരി തിരിഞ്ഞുള്ള തർക്കങ്ങൾ വിദ്വേഷ പ്രചാരണങ്ങളിലേക്കു നീങ്ങുകയായിരുന്നു. എന്നാൽ വിഷയത്തെ ആസിഫ് അലി ചിരികൊണ്ടുതന്നെ നേരിട്ടു. ആസിഫും രമേഷ് നാരായണനും പരസ്പരം സംസാരിച്ചു. ഇതോടെ മലപോലെവന്ന പ്രശ്നം സിമ്പിളായി ഒത്തുതീർന്നു.

പിടിപ്പുകേടുകൾ

എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന ചടങ്ങിലാണ് കല്ലുകടികളുണ്ടായത്. എം.ടിയുടെ ഒൻപത് കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന 'മനോരഥങ്ങൾ' എന്ന ആന്തോളജി സീരീസിന്റെ ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ചിത്രങ്ങളുടെ പ്രധാന അണിയറക്കാർക്ക് മെമെന്റോകൾ വിതരണം ചെയ്തപ്പോൾ സംഗീത സംവിധായകൻ രമേഷ് നാരായണനെ സംഘാടകർ മറന്നു. ഇതിൽ അദ്ദേഹത്തിന്റെ മനസിൽ കടുത്ത വിഷമമുണ്ടായി. തന്നെ വിളിച്ചില്ലെന്ന കാര്യം രമേഷ് തന്നെ എം.ടിയുടെ മകൾ അശ്വതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പരിപാടിയുടെ അവസാനഘട്ടത്തിൽ സദസ്യർക്കിടയിൽ ഒരു പുരസ്കാരദാനം തട്ടിക്കൂട്ടി. മൊമന്റോ നൽകാൻ നടൻ ആസിഫ് അലിയെ വിളിച്ചു. ഇതിനിടെ അവതാരക ജൂവൽ മേരിക്ക് നാക്കുപിഴ പറ്റി. രമേഷ് നാരായണനെ, സന്തോഷ് നാരായണൻ എന്ന് തെറ്റിവിളിച്ചു. പിന്നെ തിരുത്തിപ്പറഞ്ഞു. രമേഷ് നാരായണൻ ആസിഫിനെ അപമാനിക്കുന്ന വിധം പെരുമാറുന്നതാണ് കാണികൾ തുടർന്ന് കാണുന്നത്. ആസിഫിനെ മൈൻഡ് ചെയ്യാതെ സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തുകയാണ് രമേഷ് നാരായണൻ ചെയ്തത്. ഇതിനിടയിൽ ആസിഫിന്റെ പക്കലായിരുന്ന മെമെന്റോ ഒറ്റക്കൈകൊണ്ട് വാങ്ങുകയും ചെയ്തു. ജയരാജ് എത്തിയതോടെ പുരസ്കാരം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തശേഷം രമേഷ് അത് ഏറ്റുവാങ്ങുകയായിരുന്നു. തീർത്തും അവഗണിക്കപ്പെട്ട ആസിഫ് അലി ചിരിമായാതെ തന്നെ സീറ്റിലേക്ക് മടങ്ങുകയും ചെയ്തു. ആന്തോളജി സീരീസിൽ ജയരാജ് സംവിധാനം ചെയ്യുന്ന 'സ്വർഗം തുറക്കുന്ന സമയം' എന്ന ചിത്രത്തിന് സംഗീതം നൽകിയത് രമേഷ് നാരായണനാണ്.

ന്യായീകരിക്കാനാകാതെ

പുരസ്കാര വിവാദത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിവാദം അതിവേഗം പടരുകയായിരുന്നു. ആസിഫ് അലിയുടെ നിറഞ്ഞചിരി പോസ്റ്റുചെയ്തു സൈബർ ലോകം. തങ്ങൾക്ക് ഈ ചിരി മതിയെന്ന് കുറിച്ചു. ന്യായീകരിച്ചു കുടുങ്ങിയ രമേഷ് നാരായണൻ വിവശനായി. പുരസ്കാര വേദിയിൽ അവഗണിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു താനെന്ന് അദ്ദേഹം വെളിപ്പെടുത്തിയെങ്കിലും ആസിഫ് നേരിട്ട അപമാനത്തിന് അതു മറുപടിയായില്ല. നടനെ വിളിച്ചുസംസാരിക്കാൻ രമേഷ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അദ്ദേഹത്തിന് പരസ്യമായി മാപ്പുപറയേണ്ടിവന്നു. അപ്പോഴേയ്ക്കും വർഗീയച്ചുവയുമായി സംഭവം പിടിവിടുന്ന അവസ്ഥയിലായിരുന്നു. സിനിമാപ്രവർത്തകരും സംഘടനകളുമെല്ലാം രമേഷിനെ അപലപിച്ച് രംഗത്തുവരികയും ചെയ്തു. ആസിഫ് അലിയുടെ പ്രതികരണം അതിനൊപ്പിച്ചുള്ളതാണെങ്കിൽ സ്ഥിതി വഷളാകുന്ന സന്ദർഭം. അവിടെയാണ് ആസിഫ് ചിരിയുടെ നയതന്ത്രവുമായി നേരിട്ടെത്തിയത്.

പുഷ്പം പോലെ പരിഹാരം

വിവാദം എങ്ങനെ പരിണമിക്കുമെന്ന ആകാംക്ഷകൾക്കിടെ ആസിഫ് അലി ബുധനാഴ്ച വീണ്ടും പൊതുവേദിയിലെത്തി. 'ലെവൽ ക്രോസ്' എന്ന തന്റെ സിനിമയുടെ പ്രമോഷനു വേണ്ടി കൊച്ചിയിലെത്തിയ അദ്ദേഹം പിന്നീട് മാദ്ധ്യമങ്ങളെ കാണാൻ തയ്യാറായി. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാനുള്ള ആലോചനയിലായിരുന്നു താനെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചെറുപുഞ്ചിരിയോടെ തന്നെ. രമേഷ് നാരായണന് നേരിട്ട ബുദ്ധിമുട്ടുകൾ ഒരു ഭാഗത്ത്. തന്നെ പിൻതുണച്ചവരുടെ വികാരം മറുഭാഗത്ത്. ആർക്കും കോട്ടമില്ലാതെ തന്നെ ആസിഫ് പക്വതയോടെ കാര്യം പറഞ്ഞു. രമേഷ് നാരായണനെതിരായ വിദ്വേഷപ്രചാരണം അവസാനിപ്പിക്കണമെന്ന അഭ്യർഥനയോടെ, വിവാദത്തിന് വിരാമമിട്ടു. മാനസിക പിരിമുറുക്കത്തിലായിരുന്ന രമേഷുമായി സംസാരിച്ചുവെന്നും ആസിഫ് പറഞ്ഞു. തന്നെ ഫോണിൽ കിട്ടായതായതോടെ, 'മോനേ പ്ലീസ് കാൾ മീ' എന്ന മെസേജാണ് രമേഷ് അയച്ചിരുന്നതെന്നും ആസിഫ് പറഞ്ഞു. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായത് മനുഷ്യസഹജമായ പിഴവാണെന്നും വിശദീകരിച്ചു.

രമേഷ് നാരായണന് ഇനിയും ഉപഹാരം നൽകണമെങ്കിൽ അഭിമാനത്തോടെ നിർവഹിക്കുമെന്നും ആസിഫ് കൂട്ടിച്ചേർത്തു. മോശം സാഹചര്യത്തെ പക്വതയോടെ നേരിട്ട ആസിഫിന് രമേഷ് നാരായണനും നന്ദിപറഞ്ഞതോടെ പ്രശ്നത്തിന് പരിസമാപ്തിയായി. ഇതിനിടെ പരിപാടിയുടെ അവതാരകയായ നടി ജൂവൽ മേരി തന്റെ പിഴവ് സമ്മതിച്ച് കുറിപ്പെഴുതി. രമേഷ് നാരായണന്റെ പേര് തെറ്റിച്ചതാണ് കാരണമെങ്കിൽ തന്നെ പറഞ്ഞാൽ മതിയായിരുന്നെന്നും ദേഷ്യം ആസിഫ് അലിയോട് തീർക്കേണ്ടിയിരുന്നില്ലെന്നും ജൂവൽ പ്രതികരിച്ചു.

പരിപാടികൾ സംഘടിപ്പിക്കുന്നവരുടെ പാകപ്പിഴകളും അവതാരകരുടെ നാക്കുപിഴകളും ഇവന്റ് ടീമിന്റെ വെറുപ്പിക്കലുമെല്ലാം ഇന്ന് പതിവു കാഴ്ചയാണ്. മുഖ്യമന്ത്രിയടക്കമുള്ളവർ ഇതിൽ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങൾ ശക്തമായതോടെ ഇത്തരം ദൃശ്യങ്ങൾക്ക് വലിയ പ്രചാരണവും ലഭിക്കുന്നു. ആസിഫ് അലി- രമേഷ് നാരായണൻ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം സംഘാടനത്തിൽ വന്ന പിഴവുകളും പ്രകോപനങ്ങളുമാണെന്നാണ് മനസിലാക്കേണ്ടത്. ഇവന്റുകൾ നടത്തുന്നവർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.