കൊച്ചി: ചീഫ് സെക്രട്ടറി വി. വേണു, ആഭ്യന്തര വകുപ്പ് അഡി. സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി.
ഐ.പി.എസ് സാദ്ധ്യതാപട്ടികയിലുള്ള പൊലീസ് സൂപ്രണ്ട് എം.ജെ. സോജന്റെ അപേക്ഷയിൽ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തയാറെടുക്കുന്ന സാഹചര്യത്തിലാണിത്. സർക്കാർ നീക്കം ഹൈക്കോടതിയുടെ മുൻ ഉത്തരവ് അവഗണിച്ചായതിനാൽ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാണ് ആവശ്യം. സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി 24ന് പരിഗണിക്കാൻ മാറ്റി.
സോജന് ഐ.പി.എസ് നൽകാനുളള നീക്കത്തിനെതിരെ ഹർജിക്കാരി കഴിഞ്ഞവർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നായിരുന്നു വാദം. പീഡനത്തിനിരയായ തന്റെ പെൺമക്കളുടെ ദുരൂഹമരണം അന്വേഷിച്ച സോജൻ, മാദ്ധ്യമങ്ങൾക്ക് മുന്നിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നും ഇതിൽ പോക്സോ കേസുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പട്രോളിംഗിനിടെ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ നേരിടേണ്ടയാളാണ് സോജനെന്നും പരാതിയുന്നയിച്ചു. തുടർന്ന് ഐ.പി.എസ് വിഷയത്തിൽ ഹർജിക്കാരിയെക്കൂടി കേട്ട് തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച് കഴിഞ്ഞ സെപ്തംബർ 25ന് കോടതി ഉത്തരവിട്ടു. ഇക്കാര്യം ഓർമ്മിപ്പിച്ച് കത്തെഴുതിയിട്ടും, കോടതി ഉത്തരവ് അവഗണിച്ച് സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാനാണ് നീക്കമെന്ന് കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നു.