ആലുവ: തോട്ടയ്‌ക്കാട്ടുകര മാതൃശക്തി സദനത്തിൽ നിന്നു കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ 12 മണിക്കൂറിന് ശേഷം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ കൊരട്ടിയിൽ പൊലീസ് കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇറങ്ങിപ്പോയത്. കാരണം വ്യക്തമല്ല.

ഗേറ്റിന്റെ താക്കോൽ തലേന്നു തന്നെ സംഘടിപ്പിച്ച ഇവർ ഗേറ്റ് തുറന്ന് നടന്ന് നീങ്ങുന്ന ദൃശ്യം സ്ഥാപനത്തിലെ സി.സി ടി.വിയിൽ നിന്ന് ലഭിച്ചിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അധികൃതർ സംഭവം അറിഞ്ഞത്. തൃശൂർ - അങ്കമാലി ബസിൽ പെൺകുട്ടികൾ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കണ്ടക്ടറുടെ മൊബൈൽ നമ്പറിൽ വിളിച്ച് കൊരട്ടി പൊലീസ് സ്‌റ്റേഷന് മുമ്പിൽ നിറുത്താൻ പൊലീസ് നിർദ്ദേശം നൽകി. രണ്ടരയോടെ കുട്ടികളെ ആലുവ സ്‌റ്റേഷനിലെത്തിച്ചു. വൈകിട്ട് ആലുവ കോടതിയിൽ ഹാജരാക്കി.

16 ,17,18 വയസുള്ള പെൺകുട്ടികളിൽ ഒരാൾ 10 വർഷമായി ഇവിടത്തെ അന്തേവാസിയാണ്. രണ്ട് പേർ ഒരു വർഷം മുമ്പാണ് എത്തിയത്. സദനത്തിൽ നിന്ന് ഇറങ്ങിയ കുട്ടികൾ ആലുവയിൽ നിന്ന് ട്രെയിനിൽ തൃശൂരിലേക്ക് പോയി. അവിടെ നിന്ന് കെ.എസ് അർ ടി സി ബസിൽ അങ്കമാലിക്ക് വരുമ്പോഴാണ് പിടിയിലായത്.