തൃപ്പൂണിത്തുറ: ഹോൺ മുഴക്കിയതിന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ കാർ യാത്രികൻ മർദ്ദിച്ചു. തലയ്‌ക്കും കൈക്കും പരിക്കേറ്റ എറണാകുളം ഡിപ്പോയിലെ ഡ്രൈവർ പി.ഐ. സുബൈറിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.40ന് കണ്ണൻകുളങ്ങര ജംഗ്ഷനിലാണ് സംഭവം,
എറണാകുളത്തു നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്നു ബസ്. കണ്ണൻകുളങ്ങര ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനടുത്ത് നിർത്തിയ ഇന്നോവ കാറിനു പിന്നാലെത്തിയ കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കിട്ടാത്തതിനെ തുടർന്ന് ഡ്രൈവർ ഹോണടിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ബസ് തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ് ഡ്രൈവറുടെ ഡോർ തുറന്ന് തലയ്‌ക്കും കൈക്കും അടിച്ച ശേഷം കാറിലുള്ളയാൾ രക്ഷപ്പെടുകയായിരുന്നു. പിറവം സ്വദേശിയാണ് ഇയാളെന്ന് സൂചനയുണ്ട്. ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.