കൊച്ചി: വെള്ളക്കെട്ട് പ്രശ്‌നത്തിലെ തർക്കത്തിനിടെ പട്ടിക വിഭാഗക്കാരെ ആക്ഷേപിച്ചെന്നതടക്കം ആരോപിക്കുന്ന കേസിൽ തൃക്കാക്കര നഗരസഭാ കൗൺസിലർ ഷാജി വാഴക്കാലയ്ക്ക് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രത്യേകകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഷാജി വാഴക്കാല ഹൈക്കോടതിയെ സമീപിച്ചത്.
പട്ടികവിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം ബാധകമാകുമെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് കെ. ബാബു വിലയിരുത്തി. തെറ്റായി കേസിൽ ഉൾപ്പെടുത്തിയെന്നത് തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഇന്ന് രാവിലെ 10നും 11നും ഇടയിൽ ചോദ്യംചെയ്യാൻ ഹാജരാകണം. അറസ്റ്റുചെയ്താൽ ഒരുലക്ഷംരൂപയുടെ ബോണ്ടിലും സമാനതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം.
മൈത്രിപുരം സ്വദേശി കെ. രാജേഷിന്റെ പരാതിയിലായിരുന്നു കേസെടുത്തത്.