കൊച്ചി: പോളിസിയിലെ നിബന്ധനകൾ പാലിച്ചെങ്കിലും കൊറോണ രക്ഷക് പോളിസി ക്ളെയിം അനുവദിക്കാത്ത ഇൻഷ്വറൻസ്‌ കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമ്മികമായ വ്യാപാരരീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ഇൻഷ്വറൻസ് തുകയായ ഒന്നരലക്ഷവും 10,000രൂപ നഷ്ടപരിഹാരവും 5,000രൂപ കോടതിച്ചെലവും 45 ദിവസത്തിനകം നൽകാൻ കോടതി ഉത്തരവിട്ടു. ആലുവ സ്വദേശി അജയ് ചന്ദ് ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷ്വറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2020 ആഗസ്റ്റിലാണ് പരാതിക്കാരൻ പോളിസി എടുത്തത്. ഒരുവർഷമായിരുന്നു കാലാവധി. 2020 ഡിസംബർ ഏഴിന് പരാതിക്കാരനെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 54 ,000രൂപ ആശുപത്രിയിൽ ചെലവായി. കൊവിഡ് നിർണയിച്ച് 72 മണിക്കൂർ തുടർച്ചയായി ആശുപത്രിയിൽ കിടന്നാൽ ഒന്നരലക്ഷംരൂപ ഇൻഷ്വറൻസ് പരിരക്ഷ നൽകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. ഇൻഷ്വറൻസ് തുക നിരസിച്ച കമ്പനിക്കെതിരയാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്.

വീട്ടിൽ കിടന്ന് മതിയായിരുന്ന ചികിത്സ ആശുപത്രിയിൽ പ്രവേശിച്ച് ചെയ്തതെന്ന കാരണം പറഞ്ഞാണ് ഇൻഷ്വറൻസ് കമ്പനി തുകനിരസിച്ചത്. ഇത് സേവനത്തിലെ വീഴ്ചയും അധാർമ്മികമായ വ്യാപാരരീതിയുമാണെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി ഉത്തരവിട്ടു.

പരാതിക്കാരനുവേണ്ടി ബൈജു കെ. ചാക്കോ ഹാജരായി.