കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡിലെ അറയ്ക്കപ്പടി ചരമ റോഡിന് സമീപത്തെ കുളത്തിലും തുറസ്സായ സ്ഥലത്തും മാലിന്യം തള്ളിയവർക്കെതിരെ വൻ പിഴ ചുമത്തി. പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിക്കും മൂവാറ്റുപുഴ രണ്ടാർ സ്വദേശിക്കും ഓരോ ലക്ഷം രൂപ വീതമാണ് വാരപ്പെട്ടി പഞ്ചായത്ത് പിഴ ചുമത്തിയത്. മാലിന്യത്തോടൊപ്പം കാറ്ററിംഗ് യൂണിറ്റിന്റെ കാർഡ് കിട്ടിയതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ വിളിച്ചു വരുത്തി മാലിന്യം നീക്കം ചെയ്യിപ്പിച്ചു. മാലിന്യം നിക്ഷേപിക്കുന്ന കാര്യം അറിയിക്കുന്നവർക്ക് പാരിതോഷികവും കുറ്റക്കാർക്കെതിരെ കർശന നടപടിയും ഉറപ്പ് വരുത്തുമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അറിയിച്ചു.