metro

കൊച്ചി: കൊച്ചി മെട്രോയിൽ ഇന്നലെ രാവിലെ യാത്ര ചെയ്തവർ ആകെ അമ്പരന്നു. ട്രെയിനുകൾ പതിവില്ലാതെ പിടിച്ചിട്ടു. ഇന്നലെ 9.50നും 10.13നും ഇടയ്ക്കായിരുന്നു സംഭവം. രാവിലത്തെ കാറ്റിൽ ടാർപ്പോളിൻ ഷീറ്റ് പറന്ന് എറണാകുളം സൗത്ത് സ്‌റ്റേഷനും കടവന്ത്ര സ്‌റ്റേഷനും മദ്ധ്യേയുള്ള മെട്രോ ട്രാക്കിലേക്ക് വീണതായിരുന്നു കാരണം.

രാവിലെ സമയമായതിനാൽ ജോലിക്ക് പോകേണ്ടവരും വിദ്യാർത്ഥികളും വല‌ഞ്ഞു. ചില ട്രെയിനുകൾ ട്രാക്കുകളിൽ പിടിച്ചിട്ടതിനാൽ പലർക്കും ഇറങ്ങാനും സാധിച്ചില്ല.

മെട്രോയുടെ ജീവനക്കാരെത്തി ടാർപ്പോളിൻ മാറ്റുന്നതു വരെയുള്ള 15 മിനിറ്റിലേറെ സമയം യാത്രക്കാർ കുടുങ്ങി. 10.14ന് സർവീസ് പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

അന്വേഷണമില്ല


ടാർപ്പോളിൻ ഷീറ്റ് എങ്ങനെ എവിടെനിന്ന് ട്രാക്കിലെത്തിയെന്നത് സംബന്ധിച്ച് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് മെട്രോയുടെ നിലപാട്. ഇതിനു മുൻപും ഇത്തരം സംഭവമുണ്ടായിട്ടുണ്ടെന്നും മെട്രോ അധികൃതർ വ്യക്തമാക്കി. അതേസമയം, ആവശ്യമെങ്കിൽ ട്രാക്കിന് സമീപത്തെ ഉയർന്ന കെട്ടിടങ്ങളിൽ പരസ്യ ബോർഡുകളുണ്ടോയെന്നും അത് മെട്രോയുടെ സുരക്ഷയ്ക്ക് ഭീഷണിയാണോയെന്നും പിന്നീട് പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.

കോൺക്രീറ്റ് ഇടിഞ്ഞതിൽ നടപടിയായില്ല

റോഡിലൂടെയുള്ള യാത്രികരുടെ ജീവൻ അപകടത്തിലാക്കും വിധം എളംകുളം ഭാഗത്ത് മെട്രോ ട്രാക്കിനു താഴത്തെ കോൺക്രീറ്റ് അടർന്നു വീണ സംഭവത്തിൽ ഇതുവരെ നടപടികളൊന്നുമായില്ല. സംഭവം അന്വേഷിക്കുന്നതിന് കെ.എം.ആർ.എൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞമാസമാണ് 15 കിലോയിലേറെ വരുന്ന പാളികളാണ് അടർന്നുവീണത്. ഇവിടം പിന്നീട് കോൺക്രീറ്റ് ചെയ്തതുമില്ല.