fox-karumalloor

പറവൂർ: കരുമാല്ലൂർ പഞ്ചായത്തിലെ മനയ്ക്കപ്പടി മുറിയാക്കൽ പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം രൂക്ഷമായതോടെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചു. രാത്രിയിൽ കുറുക്കന്മാർ ഓളിയിട്ട് സഞ്ചരിച്ച് നായ്ക്കളെയും വളർത്തുമൃഗങ്ങളെയും കൂട്ടത്തോടെയെത്തി അക്രമിക്കുന്നത് പതിവാണ്. 2018ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് കുറുക്കന്മാ‌രെ കണ്ടുതുടങ്ങിയത്. അന്ന് ചെറിയകുറുക്കന്മാരായിരുന്നു. പിന്നീട് വളർന്ന് പെറ്റുപെരുകിയതോടെയാണ് നാട്ടുകാർക്ക് ശല്യമായത്. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ലൈജു ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതോടെയാണ് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ജീവനക്കാരെത്തി കെണിക്കൂടുകൾ സ്ഥാപിച്ചത്. പകൽ സമയത്ത് മുറിയാക്കൽ ഭാഗത്ത് ആളൊഴിഞ്ഞ പൊന്തക്കാടുകളാണ് കുറുക്കന്മാരുടെ താവളം. പൊന്തക്കാടുകളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ഒരുകൂട് മാത്രമാണ് സ്ഥാപിച്ചത്. കരുമാല്ലൂർ പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശത്തും കൂടുകൾ വച്ചിട്ടുണ്ട്. കുറുക്കന്മാരെ കൂട്ടിലേയ്ക്ക് ആകർഷിക്കാൻ പോത്തിന്റെ എല്ലുകളാണ് വച്ചിട്ടുള്ളത്. കൂട്ടിൽപ്പെടുന്ന കുറുക്കന്മാരെ വനപ്രദേശത്ത് കൊണ്ടുപോയി തുറന്നിടും.