ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ആലുവ മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളായ കീഴ്മാട്, ചൂർണിക്കര, എടത്തല, ചെങ്ങമനാട്, നെടുമ്പാശേരി ഗ്രാമപഞ്ചായത്തുകളിലെയും സാധാരണക്കാരായ രോഗികൾ ഏറ്റവും അധികം ആശ്രയിക്കുന്ന ആശുപത്രിയാണിത്.

വർഷങ്ങൾക്ക് മുമ്പേ ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇപ്പോഴും അനുഭവിക്കുകയാണ്. ഡോക്ടർമാർ മുതൽ അറ്റൻഡർമാർ വരെയുള്ള ജീവനക്കാരുടെ എണ്ണം പരിമിതമാണ്. എം.എം വാർഡുകൾ വനിതാ വാർഡുകൾ എന്നിവ ചോർന്നൊലിക്കുകയാണ്. എല്ലാത്തരത്തിലുള്ള അസുഖ ബാധിതരെയും ഒരേ വാർഡിൽ പ്രവേശിപ്പിക്കുന്നു. ഇതുമൂലം സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുകയാണ്. രാത്രികാലങ്ങളിൽ ഇ.സി.ജി, എക്‌സ്റേ തുടങ്ങിയ സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിനാൽ രോഗികൾ പണം ചെലവഴിച്ച് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് മണ്ഡലം സെക്രട്ടറി ജെ.പി. അനൂപ്, പ്രസിഡന്റ് എൻ.എ. നിമിൽ എന്നിവർ പറഞ്ഞു.