തൃപ്പൂണിത്തുറ: ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിൽ പുതിയ റോഡ് സിഗ്‌നൽ ജംഗ്ഷനു സമീപം വെള്ളക്കെട്ട് ഒഴിവാക്കാൻ അധികാരികൾ കണ്ടുപിടിച്ചത് വിചിത്രമായൊരു മാർഗ്ഗം, റോഡിൽ തോട് വെട്ടുക! കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ കെട്ടിക്കിടക്കുന്ന വെള്ളം വള്ളിക്കാവ് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിലേക്ക് കാന കീറി തുറന്നു വിടുകയായിരുന്നു. മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് രൂക്ഷമാകാനുള്ള കാരണം റോഡ് നവീകരണത്തിലെ പാകപ്പിഴയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അശാസ്ത്രീയമായി റോഡ് കുഴിച്ചതോടെ പ്രദേശമാകെ ചെളിക്കുണ്ടായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഹോട്ടലുൾപ്പെടെയുള്ള സമീപത്തെ 30 ഓളം വ്യാപാര സ്ഥാപനങ്ങളിലേക്ക് ആർക്കും പോകാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ.
മാസങ്ങൾ നീണ്ടിട്ടും തീരാത്ത പണി
സീപോർട്ട്- എയർപോർട്ട് റോഡിൽ കോടികൾ മുടക്കി നടത്തുന്ന നവീകരണത്തിന്റെ ഭാഗമായി പുതിയ റോഡ് സിഗ്‌നൽ ജംഗ്ഷനിൽ ഏതാണ്ട് 200 മീറ്റർ നീളത്തിൽ ടൈൽ വിരിക്കലാണ് ചെയ്യാനുള്ളത്. ടൈൽ വിരിക്കും മുമ്പ് റോഡ് നിരപ്പാക്കാനുണ്ട്. എന്നാൽ, പണി തുടങ്ങി 4 മാസത്തിലേറെ ആയെങ്കിലും സമയബന്ധിതമായി കരാറുകാരൻ പണി പൂർത്തീകരിച്ചില്ലതുമില്ല, റോഡ് നിരപ്പാക്കിയതുമില്ല. കൂടാതെ ബാരിക്കേഡുകൾ റോഡിൽ തന്നെ സ്ഥാപിച്ചതിനാൽ അപകടങ്ങളും ഗതാഗത കുരുക്കും പതിവാകുകയും ചെയ്തു.
റോഡിലെ മറ്റു പ്രശ്നങ്ങൾ
റോഡിന്റെ വശങ്ങളിൽ കാന ഇല്ല
കാൽനട യാത്രക്കാർക്ക് നടപ്പാത ഇല്ല
റോഡിന് വീതി കുറവായതിനാൽ സിഗ്‌നൽ കഴിഞ്ഞു വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ പോകാനാവില്ല
സിഗ്‌നൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക്
കെട്ടിക്കിടക്കുന്ന വെള്ളം തെറിക്കുന്നതിനാൽ ബസ് ഷെർട്ടറിൽ ആളുകൾക്ക് കയറി നിൽക്കാനാകുന്നില്ല