വൈപ്പിൻ: കണ്ടെയ്‌നർ ടെർമിനൽ റോഡിൽ പൊന്നാരിമംഗലം ടോൾപ്ലാസയിൽ മുളവുകാട്, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്ത് നിവാസികളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കിയിരുന്നത് പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹൈബി ഈഡൻ എം.പി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ വിളിച്ചു കൂട്ടിയ ദേശീയപാത അതോറിറ്റി, ടോൾ പിരിവ് കരാർ കമ്പനി, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് എം.പിയും, എം.എൽഎമാരും ആവശ്യമുന്നയിച്ചത്.
റോഡിനുവേണ്ടി ഭൂമിയും ജീവനോപാധികളും വിട്ട് നൽകിയവരാണ് പ്രദേശവാസികൾ. ഇത് കണക്കിലെടുത്താണ് മൂന്ന് പഞ്ചായത്തുകളിലെയും നിവാസികളെ ടോളിൽ നിന്ന് തുടക്കം മുതൽ ഒഴിവാക്കിയിരുന്നത്. തെരുവ് വിളക്കുകൾ, സർവീസ് റോഡുകൾ, അടിപ്പാതകൾ തുടങ്ങിയവ സ്ഥാപിക്കാമെന്ന ഉറപ്പുകൾ പലതും പാലിച്ചിട്ടില്ല. ഇതിനിടയിൽ ടോൾ ഇളവ് പിൻവലിക്കൽ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് എം.പി. പറഞ്ഞു. ഇതുവരെ പിരിച്ചെടുത്ത ടോളിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തണം.
ടോൾ ഇളവുകൾ പിൻവലിച്ചാൽ ജനങ്ങൾ സമരത്തിനിറങ്ങും. ഇത് മൂലം ടോൾ പിരിവ് തടസപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ നോക്കേണ്ടത് കരാറുകാരുടെ ഉത്തരവാദിത്തമാണെന്നും എം.പി വ്യക്തമാക്കി.
യോഗത്തിൽ ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ് അദ്ധ്യക്ഷനായി. ദേശീയപാത അതോറിറ്റി ഡയറക്ടർ പി. പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എസ്. അക്ബർ (മുളവുകാട്), കെ.ജി. രാജേഷ് (ചേരാനല്ലൂർ), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.