kothamangalam

കോതമംഗലം: പട്ടയ വിതരണത്തിനായുള്ള സ്‌പെഷ്യൽ ഓഫീസിന്റെ ഭാഗമായി ഒന്നാംഘട്ട പട്ടയ വിതരണം ഓണത്തിന് മുമ്പ് സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. ഇതിന്റെ ഭാഗമായി പട്ടയ അസംബ്ലി കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഒന്നാം ഘട്ടത്തിൽ ആയിരത്തോളം പട്ടയങ്ങൾ വിതരണം ചെയ്തേക്കും. കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പട്ടയ പ്രശ്‌നങ്ങളും കഴിഞ്ഞ പട്ടയ അസംബ്ലിയുടെ ഭാഗമായുള്ള പ്രശ്‌നങ്ങളുടെ പുരോഗതിയും യോഗം ചർച്ച ചെയ്തു . യോഗത്തിൽ തഹസിൽദാർ ഇ.എൻ. ഗോപകുമാർ, നഗരസഭ ചെയർമാൻ ടോമി അബ്രഹാം, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു. കോതമംഗലം താലൂക്കിൽ അയ്യായിരത്തിലധികം പട്ടയങ്ങൾ നൽകാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. ഓരോ സമയത്തും ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തുമെന്ന്എം.എൽ.എ അറിയിച്ചു. വടാട്ടുപാറ, മാമലകണ്ടം പ്രദേശങ്ങളിൽ സർവേ നടപടികൾ ആരംഭിച്ചതായും നേര്യമംഗലത്ത് തൊട്ടടുത്ത ദിവസം സർവേ നടപടികൾ ആരംഭിക്കുമെന്നും സ്‌പെഷ്യൽ തഹസിൽദാർ ആർ. സജീവ് അറിയിച്ചു.