വൈപ്പിൻ: എടവനക്കാട് കടൽക്ഷോഭത്തെ തുടർന്ന് പ്രതിരോധ നടപടികൾ ആവശ്യപ്പെട്ട് സമരരംഗത്തുള്ള ജനകീയ സമരസമിതി ഇന്ന് വൈകിട്ട് 4ന് എസ്.പി സഭ സ്‌കൂളിൽ സമരസംഗമം നടത്തും.

കഴിഞ്ഞദിവസം കടപ്പുറം സന്ദർശിച്ച മന്ത്രി പി. രാജീവ് 146 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ചെലവ് വഹിക്കുന്ന പദ്ധതിയുടെ അനുമതിക്കായി കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. തകർന്ന് കിടക്കുന്ന കടൽഭിത്തിയുടെ അറ്റകുറ്റപ്പണിക്കായി അടിയന്തിര എസ്റ്റിമേറ്റ് തയ്യാറാക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സമരസമിതിയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ 146 കോടിയുടെ കേന്ദ്ര-സംസ്ഥാന പദ്ധതി ഉടനെ പ്രാവർത്തികമാക്കാൻ സാദ്ധ്യതയില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. അതിനാൽ ജിഡ ഫണ്ട് ഉപയോഗിച്ച് 56 കോടി രൂപയുടെ പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്നാണ് ആവശ്യം.
എടവനക്കാട് 2 ദിവസങ്ങളിലായി കടൽക്ഷോഭം വീണ്ടും ശക്തമായിട്ടുണ്ട്.