കൊച്ചി: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ പുതിയ അഞ്ചുനിലകെട്ടിടം ജനങ്ങൾക്ക് തുറന്നുകൊടുക്കാതെ വീഴ്ചവരുത്തിയെന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറോട് ഹൈക്കോടതി വിശദീകരണംതേടി. സാമൂഹ്യപ്രവർത്തകനായ ബിജു ഇറ്റിത്തറ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ ഹർജിയിലാണ് നോട്ടീസ്.
ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2021ൽ പണിപൂർത്തീകരിച്ചതാണെന്ന് വിവരാവകാശരേഖകളിൽനിന്ന് വ്യക്തമാണെന്ന് ഹർജിയിൽ പറയുന്നു. കെട്ടിടം പൊതുമരാമത്ത് വകുപ്പ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറിയതുമാണ്. 72 മുറികളുള്ള ഈ പുതിയ കെട്ടിടത്തിൽ അഞ്ചുമുറികൾ മാത്രമാണ് ഇപ്പോൾ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തനിക്ക് ശരിയായചികിത്സ കിട്ടിയില്ലെന്നും മൂത്രപ്പുരയ്ക്ക് സമീപമാണ് കിടത്തിയതെന്നും ഡി.എം.ഒയ്ക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടായില്ല. പുതിയ ആശുപത്രി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് തുടർന്ന്
ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടുമാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് 2023ൽ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നുവെങ്കിലും, അത് പാലിച്ചില്ലെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹർജി.