ആലുവ: 14 കോടിയിലേറെ രൂപ ചെലവഴിച്ചിട്ടും അസൗകര്യങ്ങളിൽ നട്ടം തിരിയുന്ന ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കും. യാത്രക്കാർക്കായി 129 ഇരിപ്പിടങ്ങൾ, പൊലീസ് എയ്ഡ് പോസ്റ്റ്, 32 സി.സി ടി.വി ക്യാമറകൾ എന്നിവയാണ് അടിയന്തരമായി സ്ഥാപിക്കുക. വിശാലമായ സൗകര്യങ്ങളോടെയുള്ള ശൗചാലയം കഴിഞ്ഞ ദിവസമാണ് തുറന്നത്.
അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ലത്തീഫ് പൂഴിത്തറ എന്നിവരാണ് യാത്രക്കാരുടെ സൗകര്യങ്ങൾ പരിശോധിക്കാനെത്തിയത്.
വിദ്യാർത്ഥിനിയുടെ മൊബൈൽ മോഷണം പോയി,
പൊലീസ് എയ്ഡ് പോസ്റ്റിന് ഉടൻ ധാരണ
കെ.എസ്.ആ.ടി.സി സ്റ്റാൻഡിന്റെ സൗകര്യങ്ങൾ പരിശോധിക്കാൻ അൻവർസാദത്ത് എം.എൽ.എയും സംഘവും സ്ഥലത്തെത്തിയപ്പോഴാണ് സ്റ്റാൻഡിൽ വച്ച് മൊബൈൽ ഫോൺ മോഷണം പോയ വിഷയമത്തിൽ നിൽക്കുന്ന വിദ്യാർത്ഥിനിയെ കണ്ടത്. ഉടൻ ഡിവൈ.എസ്.പി ടി.ആർ. രാജേഷിനെ ബന്ധപ്പെട്ട് ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങാൻ നിർദ്ദേശം നൽകുകയായിരുന്നു. ഉടൻ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കാനും തീരുമാനമായി. കെ.എസ്.ആർ.ടി.സി കെട്ടിടത്തിൽ മുറി ലഭിക്കുന്നതോടെ എയ്ഡ് പോസ്റ്റ് പൂർണതോതിലാക്കും.
യു.സി കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ വാഴക്കുളം തണ്ടേക്കാട് സ്വദേശിനിയുടെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്.
32 കാമറകൾ സ്ഥാപിക്കും
മോഷണം തടയാൻ സി.സി ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനമായി. ആലുവ സി.ഐ മഞ്ജുദാസ്, പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് അസിസ്റ്റന്റ് എ.പി. സെബി എന്നിവരെ വിളിച്ചു വരുത്തി പരിശോധിച്ച ശേഷമാണ് 32 സി.സി ടി.വികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി 13 ലക്ഷം രൂപ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിക്കും.
ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറും
രാത്രികാലങ്ങളിൽ ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നുവെന്ന പരാതിയും പരിഹരിക്കും. കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് ഓഫീസർ രാധാകൃഷ്ണനെ എം.എൽ.എ വിഷയം ധരിപ്പിച്ചു. ഇന്നുമുതൽ നിർദ്ദേശം നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പ് നൽകി. ദീർഘദൂരയാത്രക്കാർക്ക് മഴയും വെയിലുമേൽക്കാതെ നിൽക്കാൻ സ്റ്റാൻഡിൽ സൗകര്യമൊരുക്കിയിട്ടും ചില ബസ് ജീവനക്കാർ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി.