cbse
സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത, പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് എന്നിവർക്ക് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് ഭാരവാഹികളായ ഡോ. ഇന്ദിര രാജൻ, ഇ. രാമൻകുട്ടി വാര്യർ, സുചിത്ര ഷൈജിന്ത്, ഫാ. ജോണി കണിരത്തിങ്കൽ, എസ്. രവി നമ്പൂതിരി, ഫാ. മാത്യു കരീത്തറ, ഫാ. സാബു കൂടപ്പാട്ട് എന്നിവർ നിവേദനം നൽകുന്നു

കൊച്ചി: ഒമ്പതാം ക്ലാസ് മുതൽ നിർബന്ധിത ത്രിഭാഷാ പഠനം, ഒരു വർഷം രണ്ട് ബോർഡ് പരീക്ഷകൾ തുടങ്ങിയ നിർദ്ദേശങ്ങളിൽ വ്യക്തത വരുത്തണമെന്ന് സി.ബി.എസ്.ഇ അധികൃതരുമായി നടത്തിയ ചർച്ചയിൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് ആവശ്യപ്പെട്ടു.

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമ്പോൾ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് , ദേശീയ പാഠ്യപദ്ധതിക്ക് അനുസൃതമായി അദ്ധ്യാപകർക്ക് നിരന്തര പരിശീലനം, സ്കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യണം.ശാരീരിക അവശതകളുള്ള കുട്ടികൾക്കായി സ്‌കൂൾ കെട്ടിടത്തിന്റെ എല്ലാ നിലകളിലും ലിഫ്റ്റുകൾ, റാമ്പുകൾ തുടങ്ങിയവ ഒരുക്കണമെന്ന ബോർഡിന്റെ നിർദ്ദേശത്തിൽ ഭേദഗതി വരുത്തണം. സംസ്ഥാന സർക്കാരിന്റെ അംഗീകാര സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുന്ന സാഹചര്യത്തിൽ നിശ്ചിതഫോറത്തിൽ അപേക്ഷിച്ച എല്ലാ സ്കൂളുകൾക്കും അഫിലിയേഷൻ പുതുക്കി നൽകണം.

കേന്ദ്ര സിലബസ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ടി.സി ഇല്ലാതെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം അനുവദിച്ച നടപടി പിൻവലിക്കാൻ ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണം.

സി.ബി.എസ്.ഇ ചെയർമാൻ രാഹുൽസിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത, പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് എന്നിവരുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ, കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, സോണൽ സെക്രട്ടറി ഫാ. ജോണി കണിരത്തിങ്കൽ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്. രവി നമ്പൂതിരി, ഫാ. മാത്യു കരീത്തറ, ഫാ. സാബു കൂടപ്പാട്ട് എന്നിവർ പങ്കെടുത്തു.