കൊച്ചി: പോക്‌സോ കേസ് യഥാസമയം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ലെന്ന പരാതിയിൽ മംഗലാപുരം സ്വദേശിയായ ഡോക്ടർ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് റിപ്പോർട്ട് ചെയ്യാൻ ഏതാനും മണിക്കൂറുകൾ വൈകിയെന്ന പേരിൽ ഡോക്ടറെ കുറ്റക്കാരനായി കരുതാനാവില്ല. അടിയന്തരമായി ചെയ്യേണ്ട സിസേറിയനായി ഡോക്ടർക്ക് പോകേണ്ടിവന്നതാണ് കാലതാമസത്തിന് കാരണമായത്. ഡോക്ടറുടെ ഉത്തരവാദിത്വവും സാഹചര്യങ്ങളും വിലയിരുത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. പതിനേഴുകാരി പിതാവിന്റെ പീഡനത്തിന് ഇരയായാണ് ഗർഭിണിയായതെന്ന് അറിഞ്ഞിട്ടും ഡോക്ടർ യഥാസമയം പൊലീസിന് വിവരം നൽകിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.