1

കുമ്പളങ്ങി: കുമ്പളങ്ങി - അരൂർ കെൽട്രോൾ ഫെറി പാലം ഉടൻ യാഥാർത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുമ്പളങ്ങി പഞ്ചായത്ത് അധികൃതർ. ടെണ്ടർ എടുക്കാൻ കോൺട്രാക്ടർ വന്നാലുടൻ പാലത്തിന്റെ ജോലികൾ തുടങ്ങും. ടെണ്ടർ നൽകാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. അരൂർ ഭാഗത്തേക്ക് പോകേണ്ടവർക്ക് ആശ്വാസമാകുന്നതാണ് അരൂർ-കുമ്പളങ്ങി കെൽട്രോൺ ഫെറിപാലം. ഇപ്പോൾ കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് എരമല്ലൂർ വഴി വേണം അരൂരിലെത്താൻ. റെയിൽവേ ഗേറ്റ് അടച്ചാൽ യാത്ര നീളും. കുമ്പളങ്ങി വഴി പള്ളുരുത്തി -ഇടക്കൊച്ചി വഴിയാണ് അരൂരിലെത്താനുള്ള മറ്റൊരു മാർഗ്ഗം. ആകാശപ്പാത നിർമ്മാണം നടക്കുന്നതിനാൽ അവിടെയിപ്പോൾ ഗതാഗതം ഇഴഞ്ഞാണ് നീങ്ങുന്നത്.

ഇവിടെ സർവീസ് നടത്തിയിരുന്ന പഴങ്ങാട് - കെൽട്രോൺ ഫെറി ചങ്ങാടം കേടുപാടുകളാൽ മാറ്റിയിട്ടിരിക്കുകയാണ്. മറ്റൊരു ചങ്ങാടമാണ് പകരം സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് 5 രൂപയാണ് ഈടാക്കുന്നത്. എന്നാൽ, കാറുകൾക്കും മറ്റു വലിയ വാഹനങ്ങൾക്കും തോന്നിയ പടിയാണ് ചാർജുകൾ ഈടാക്കുന്നതെന്ന് യാത്രക്കാർ ആരോപിക്കുന്നു. കുമ്പളങ്ങി ഫെറിയിൽ ആരംഭിക്കുന്ന കടകൾ മാസങ്ങൾക്കകം അടച്ചു പൂട്ടി പോവുകയാണ്. നിരവധി കടകൾ നിർമ്മിച്ചെങ്കിലും വാടകക്ക് എടുക്കാൻ ആരും തയ്യാറാകാത്ത സ്ഥിതിയാണ്.

600 മീറ്റർ നീളം

കുമ്പളങ്ങിയിൽ നിന്ന് അരൂർ വരെയുള്ള കെൽട്രോൺ ഫെറി പാലത്തിന്റെ നീളം

രണ്ട് വർഷത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കും

കെ.ജെ മാക്സി

എം.എൽ.എ

വർഷങ്ങൾക്ക് മുമ്പ് പച്ചക്കൊടി കിട്ടിയിട്ടും അധികാരികളുടെ പിടിപ്പ് കേട് മൂലമാണ് കുമ്പളങ്ങിയിൽ നിന്ന് അരൂർ വരെയുള്ള കെൽട്രോൺ ഫെറി പാലം യാഥാർത്ഥ്യമാകാൻ ഇത്രയും വർഷം വൈകിയത്

ജോസഫ് കെ. ജോൺ

നാട്ടുകാരൻ

കുമ്പളങ്ങിയിൽ പാലത്തിനായി സ്ഥലം ഏറ്റെടുത്തവർക്ക് ചെക്ക് നൽകി. കുമ്പളങ്ങി പഞ്ചായത്തിലെ നിലവിലെ ഭരണസമിതിയുടെ കാലാവധിതീരുന്നതിന് മുമ്പ് പാലം യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കും

സൂസൻ ജോസഫ്,

പഞ്ചായത്ത് പ്രസിഡന്റ്,

കുമ്പളങ്ങി.