ആലുവ: തായിക്കാട്ടുകര കെ.എസ്.ആർ.ടി.സി ഗാരേജിലെ ജീവനക്കാരിൽ ഡെങ്കിപ്പനി വ്യാപകമായി. ചൂർണ്ണിക്കര പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നൂറു കണക്കിന് ബസ് ടയറുകളിൽ ഡെങ്കിക്കൊതുകുകൾ പെറ്റുപെരുകിയത് കണ്ടെത്തി.പിഴ ഈടാക്കാനുള്ള നോട്ടീസ് പഞ്ചായത്ത് നൽകി. ഇതിന് മുമ്പും പഞ്ചായത്ത് കെ.എസ്.ആർ.ടി.സിയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചൂർണ്ണിക്കര പഞ്ചായത്തിൽ നൂറോളം പേരാണ് ഇപ്പോഴും ഡെങ്കി രോഗത്തിന് ചികിത്സയിലുള്ളത്.
കണ്ടെത്തലുകൾ
ഗാരേജിലെ ടോയ്‌ലെറ്റ് ഔട്ട് ലെറ്റ് പൊട്ടി മാലിന്യം പുഴയിലേക്ക് ഒഴുകുന്നുണ്ട്.
പഴയ ബസുകൾ, പൊളിച്ചെടുത്ത ഇരുമ്പ്, പാട്ട വസ്തുക്കൾ, വലിയ വീപ്പകൾ എന്നിവ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു.
രണ്ടാം തവണയാണ് നോട്ടീസ് നൽകുന്നത്. നടപടികൾ എടുക്കാത്തതിനാൽ കെ.എസ്.ആർ.ടി. സി വകുപ്പിനും നേരിട്ട് പരാതി നൽകും
എച്ച്.ഐ അനില
ആരോഗ്യ കേന്ദ്രം തുറന്ന് പ്രവർത്തിക്കണം
ചൂർണിക്കര പഞ്ചായത്തിൽ വ്യാപകമായി ഡെങ്കിപ്പനി പകർന്നുപിടിക്കുന്നതിനാൽ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം ശനി, ഞായർ ദിവസങ്ങളെയും തുറന്നു പ്രവർത്തിക്കണമെന്നും വൈകിട്ട് വരെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി നസീർ ചൂർണിക്കര ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശനിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷം ഡോക്ടർമാരുടെ സേവനം ഇല്ലെന്നും നസീർ ആരോപിച്ചു.